ന്യൂഡൽഹി: മനസുകൊണ്ട് അകന്നവർ ഒരു കൂരയ്‌ക്കു കീഴിൽ കഴിയുന്ന അവസ്ഥയാണ് ബീഹാർ എൻ.ഡി.എയിൽ. കേവലഭൂരിപക്ഷം ലഭിച്ച് അധികാര തുടർച്ച ഉറപ്പാക്കിയെങ്കിലും ബി.ജെ.പിയും ഐക്യദളും തമ്മിലുള്ള സ്വരക്കേടുകൾ കൂടുതൽ മൂർച്ഛിക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്.
74 സീറ്റിൽ ജയിച്ച് ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിയാണ് സംസ്ഥാന എൻ.ഡി.എയിലെ വല്ല്യേട്ടൻ. 43 സീറ്റ് മാത്രമുള്ള ഐക്യദളിന് കഴിഞ്ഞ കാലത്തെപ്പോലെ ബി.ജെ.പിയെ നിയന്ത്രിച്ചു നിറുത്താൻ ബുദ്ധിമുട്ടാകും. ജെ.ഡി.യുവിന് ആധിപത്യമുണ്ടായിരുന്ന കഴിഞ്ഞ സർക്കാരിൽ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് പോലയല്ല. ഇക്കുറി മുൻ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി പദം നൽകിയാലും ഐക്യദൾ നേതാവ് നിതീഷ് കുമാറിന് ഭരണം എളുപ്പമാകില്ല.
പുതിയ സർക്കാരിലെ മന്ത്രിമാർ, വകുപ്പ് വിഭജനം, ഉപമുഖ്യമന്ത്രി പദം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച തുടങ്ങിയിട്ടേയുള്ളൂ. ഡൽഹിയിൽ നിന്നുള്ള ഉത്തരവുകൾ പ്രകാരം ബി.ജെ.പി എന്തൊക്കെ പുതിയ ഡിമാൻഡുകൾ മുന്നോട്ടുവയ്‌ക്കുമെന്നതും നിതീഷിന്റെ സമാധാനം കെടുത്തും.
ഒറ്റയ്‌ക്ക് ഭരിക്കാൻ സീറ്റുകൾ തികയാത്ത സാഹചര്യത്തിൽ ബി.ജെ.പിക്ക് ഐക്യദളിനെ ഒഴിവാക്കാനുമാകില്ല. ബി.ജെ.പിയോട് പിണങ്ങിയാൽ മറുവശത്ത് ആർ.ജെ.ഡിയോട് കൂട്ടുകൂടാനുള്ള സാദ്ധ്യത ഐക്യദളിനുണ്ട്. എന്നാൽ ബി.ജെ.പിക്ക് ചെറുകക്ഷികളെ ചേർത്താലും ഭൂരിപക്ഷം തികയ്‌ക്കാൻ കഴിയില്ല. ബീഹാറിൽ ഭരണം നിലനിറുത്തേണ്ടത് അനിവാര്യമായതിനാൽ ചില്ലറ വിട്ടുവീഴ്‌ചകൾക്ക് ബി.ജെ.പിയും തയ്യാറാകുമെന്നാണ് സൂചന.