ന്യൂഡൽഹി: ബീഹാറിൽ ദീപാവലിക്ക് ശേഷം നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള നാലാം എൻ.ഡി.എ സർക്കാർ അധികാരമേറ്റേക്കും. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ ധാരണയായില്ലെങ്കിലും മുഖ്യമന്ത്രിയായി നിതീഷ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നല്ല ദിവസമായി കരുതുന്ന 'ഭയ്യാ ദൂജ്' ആഘോഷം ദിവസം കൂടിയാണ് തിങ്കളാഴ്ച. ശനിയാഴ്ചയാണ് ദീപാവലി.
പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ എൻ.ഡി.എയിൽ അന്തിമഘട്ടത്തിലാണ്.
നിതീഷിന്റെ നേതൃത്വത്തിൽ ബീഹാറിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനാൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കമുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.
എൻ.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ബി.ജെ.പിക്കായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
പരമാവധി 36 പേർക്കാണ് മന്ത്രിസ്ഥാനം നൽകാനാവുക. ചുരുങ്ങിയത് 15 മന്ത്രിസ്ഥാനമെങ്കിലും ബി.ജെ.പി ആവശ്യപ്പെട്ടേക്കും.
നിലവിൽ മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാർ ജെ.ഡി.യുവിന്റേതാണ്. ഉപമുഖ്യമന്ത്രിയടക്കം 12 മന്ത്രിസ്ഥാനങ്ങളാണ് ബി.ജെ.പിക്കുള്ളത്.
മുതിർന്ന ബി.ജെ.പി നേതാവ് സുശീൽകുമാർ മോദി ഉപമുഖ്യമന്ത്രി പദത്തിനൊപ്പം ധനകാര്യം, ഐ.ടി വകുപ്പുകളാണ് വഹിച്ചത്. പ്രേംകുമാർ കൃഷിവകുപ്പും, നന്ദകിഷോർ യാദവ് റോഡ് നിർമ്മാണവും, റവന്യൂവും ആരോഗ്യവും മംഗൾ പാണ്ഡെയുമാണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ നിതീഷ് കുമാർ കൈവശം വയ്ക്കുന്ന ആഭ്യന്തരമടക്കമുള്ള വകുപ്പുകൾ കൂടി ബി.ജെ.പിക്ക് ലഭിച്ചേക്കും. ജെ.ഡി.യു കൈകാര്യം ചെയ്യുന്ന സ്പീക്കർ സ്ഥാനവും ബി.ജെ.പിക്ക് നൽകിയേക്കും. കഴിഞ്ഞ നിയമസഭയിൽ ജെ.ഡി.യു 71, ബി.ജെ.പിക്ക് 53 എന്നിങ്ങനെയായിരുന്നു എം.എൽ.എമാർ. ഇക്കുറി 74 സീറ്റ് ബി.ജെ.പി നേടിയപ്പോൾ ജെ.ഡി.യു 43ലേക്ക് ഒതുങ്ങി.
നിയുക്ത ജെ.ഡി.യു എം.എൽ.എമാരുമായി നിതീഷ്കുമാർ ഇന്നലെ കൂടിക്കാഴ്ച നടത്തി. ബി.ജെ.പി നേതാക്കളും നിതീഷുമായി ആശയവിനിമയം നടത്തി. സഖ്യകക്ഷിയായ എച്ച്.എ.എമ്മിന്റെ നേതാവ് ജിതൻറാംമാഞ്ചി പാർട്ടി എം.എൽ.എമാർക്കൊപ്പം നിതീഷിനെ കണ്ട് പിന്തുണക്കത്ത് കൈമാറി. മുൻമുഖ്യമന്ത്രിയായതിനാൽ താൻ സർക്കാരിന്റെ ഭാഗമാകില്ലെന്ന് ജിതൻ റാം മാഞ്ചി വ്യക്തമാക്കി. നാലു സീറ്റ് നേടിയ വികാസ് ശീൽ ഇൻസാൻ പാ
ർട്ടി അദ്ധ്യക്ഷൻ മുകേഷ് സാഹ്നിയും നിതീഷിനെ കണ്ടു.
ഈ മാസം 29നാണ് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്.