ന്യൂഡൽഹി: കൊവിഡ് വീണ്ടും രൂക്ഷമായ ഡൽഹിയിൽ നാലിൽ ഒരാൾ കൊവിഡ് ബാധിതരായിട്ടുണ്ടെന്ന് പുതിയ സെറോ സർവേ. ദേശീയ തലസ്ഥാനത്തെ ഏറെക്കുറെ എല്ലാ വീടുകളിലും രോഗികളുണ്ടായെന്നും ഡൽഹി സർക്കാർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 15 മുതൽ 21 വരെ 15,000 പേരിലാണ് നാലാംഘട്ട സെറോ സർവേ നടത്തിയത്.
ഇതിൽ 25.5 ശതമാനം പേരിലും വൈറസിനെതിരായ ആന്റി ബോഡി കണ്ടെത്തി. സെപ്തംബറിൽ നടന്ന മൂന്നാംഘട്ട സെറോ സർവേയിൽ 25.1 ശതമാനമായിരുന്നു ആന്റി ബോഡിയുടെ സാന്നിദ്ധ്യം.
മദ്ധ്യ-ഡൽഹി ജില്ലകളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. ഇവിടെ പരിശോധിച്ച സാമ്പിളുകളിൽ 49.48 ശതമാനം പേർക്കും ആന്റിബോഡി കണ്ടെത്തി.
ഈ മേഖലകളിൽ സെപ്തംബറിലെ സർവേയിൽ കണ്ടതിനെക്കാൾ ഇരട്ടിയാണ് രോഗവ്യാപനം.
പരിശോധനയ്ക്ക് വിധേയമായ സ്ത്രീകളിൽ 26.1 ശതമാനവും പുരുഷൻമാരിൽ 25.06 ശതമാനത്തിനും രോഗം കണ്ടെത്തി.
രാജ്യത്ത് ഏറ്റവും കൂടുതൽ പുതിയ രോഗികൾ ഇപ്പോൾ ഡൽഹിയിലാണ്. കഴിഞ്ഞ ദിവസം പ്രതിദിന കേസുകൾ എട്ടായിരം കടന്നിരുന്നു.
ജൂൺ അവസാനം നടത്തിയ സെറോ സർവേയിൽ 22.6 ശതമാനം പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ആഗസ്റ്റിൽ ഇത് 29.1 ശതമാനമായിരുന്നു.