ന്യൂഡൽഹി: ബീഹാറിൽ ജനവിധി അട്ടിമറിക്കപ്പെട്ടെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. തപാൽ വോട്ടുകൾ വീണ്ടും എണ്ണണമെന്നും ധാർമികത മുൻനിറുത്തി നിതീഷ് മുഖ്യമന്ത്രിപദം ഒഴിയണമെന്നും പാട്നയിൽ മഹാസഖ്യത്തിന്റെ നിയമസഭാ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള വാർത്താസമ്മേളനത്തിൽ തേജസ്വി ആവശ്യപ്പെട്ടു.
ബീഹാറിലെ ജനങ്ങൾ മാറ്റത്തിനായാണ് വിധിയെഴുതിയത്. ജനവിധി മഹാസഖ്യത്തിന് അനുകൂലമായിരുന്നു. പണമൊഴുക്കിയും കൈയൂക്ക് കാട്ടിയും ചതിച്ചും ഈ ജനവിധി അട്ടിമറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി എതിരായി. 12,270 വോട്ടുകൾ മാത്രമാണ് എൻ.ഡി.എയ്ക്ക് അധികമായി കിട്ടിയതെന്നും ഈ വോട്ടുകൾ കൊണ്ട് എങ്ങനെയാണ് 15 സീറ്റിൽ എൻ.ഡി.എയ്ക്ക് മുന്നിലെത്താനാവുകയെന്നും തേജസ്വി ചോദിച്ചു. തുടക്കത്തിൽ എണ്ണേണ്ട തപാൽ വോട്ടുകൾ പലയിടത്തും അവസാനമാണ് എണ്ണിയത്. ഇങ്ങനെ എണ്ണിയ സ്ഥലങ്ങളിലെല്ലാം വീണ്ടും വോട്ടെണ്ണണം. ഈ ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ജെ.ഡി.യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മനഃസാക്ഷി അവശേഷിക്കുന്നുണ്ടെങ്കിൽ നിതീഷ് ഒഴിയണം. 2015ൽ മഹാസഖ്യത്തെയാണ് ജനങ്ങൾ തിരഞ്ഞെടുത്തതെന്നും ബി.ജെ.പി പിൻവാതിലിലൂടെ അധികാരം പിടിച്ചുവെന്നും തേജസ്വി ആരോപിച്ചു.
അതേസമയം കോൺഗ്രസിന്റെ മോശം പ്രകടനമാണ് ബീഹാറിൽ മഹാസഖ്യത്തിന് തിരിച്ചടിയായതെന്ന് എ.ഐ.സിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. സത്യം അംഗീകരിക്കണം. ആർ.ജെ.ഡിയും ഇടതുപക്ഷവും കോൺഗ്രസിനേക്കാൾ ഏറെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കോൺഗ്രസിന്റെ മോശം പ്രകടനം കാരണം ബീഹാർ കൈവിട്ടു പോയി. ഹൈക്കമാൻഡിന് റിപ്പോർട്ടുനൽകുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.