mishra

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിശ്വസ്തനായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തലവൻ എസ്.കെ മിശ്രയ്ക്ക് കാലാവധി നീട്ടിനൽകാൻ ആലോചന. രാഷ്ട്രീയ എതിരാളികളെ പകപോക്കാൻ ഇ.ഡിയെ കേന്ദ്രം ദുരുപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആക്ഷേപമുയർത്തുന്നതിനിടെയാണിത് . മിശ്രയുടെ കാലാവധി വരുന്ന ബുധനാഴ്ചയാണ് അവസാനിക്കുന്നത്. അതേസമയം കാലാവധി നീട്ടി നൽകാൻ നിയമതടസമുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സർവീസിൽ നിന്ന് വിരമിച്ചയാളെ അഡീഷണൽ സെക്രട്ടറിക്ക് തുല്യമായ റാങ്ക് നൽകി പുനർനിയമനം സാധ്യമാകുമോയെന്നതാണ് പ്രശ്നം.

ഐ.ആർ.എസ് ഉദ്യോഗസ്ഥനായ മിശ്രയ്ക്ക് മേയ് 20 ന് തന്നെ വിരമിക്കൽ പ്രായമായ 60 വയസ് കഴിഞ്ഞിരുന്നെങ്കിലും രണ്ടു വർഷ കാലാവധിയുള്ളതിനാൽ ഡയറക്ടർ സ്ഥാനത്ത് തുടരുകയായിരുന്നു. ഡയറക്ടർക്ക് കുറഞ്ഞത് അഡീഷണൽ സെക്രട്ടറി റാങ്കുണ്ടാകണം. മിശ്രയ്ക്ക് കാലാവധി നീട്ടിനൽകണമെങ്കിൽ ആദ്യം അഡീഷണൽ സെക്രട്ടറിക്ക് തുല്യമായ റാങ്കിൽ പുനർ നിയമിക്കണം. തുടർന്ന് ഇ.ഡി ഡയറക്ടറെ തിരഞ്ഞെടുക്കുന്ന സി.വി.സി നേതൃത്വത്തിലുള്ള സമിതി പരിഗണിക്കണം. ഡയറക്ടറുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് സി.വി.സി നിയമത്തിൽ പരാമർശമില്ലെന്നും, ഇതുവരെയായി ഒരു ഇ.ഡി ഡയറക്ടർക്കും കാലാവധി നീട്ടിനൽകിയിട്ടില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുനർനിയമനം സാധ്യമായില്ലെങ്കിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് ഡി.ജിയായ ബാലേഷ് കുമാർ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് അഡീഷണൽ സെക്രട്ടറി എസ്.എം സഹായ്, മുംബയ് ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ അമിത് ജെയിൻ എന്നിവരെയാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.