ന്യൂഡൽഹി: മൂന്നുഘട്ടങ്ങളിലായി സൈനിക പിന്മാറ്റം നടപ്പാക്കുന്നതിന് മുമ്പ് നിയന്ത്രണ രേഖയ്‌ക്ക് സമീപം നിർമ്മിച്ച ട്രഞ്ചുകളും കെട്ടിടങ്ങളും മറ്റും പൊളിക്കാൻ ഇന്ത്യ-ചൈനാ ധാരണ. സംഘർഷം ഉടലെടുത്ത ഏപ്രിലിന് ശേഷം നിർമ്മിച്ചവയാണ് പൊളിക്കുക. പാംഗോംഗ് ഫിംഗർ നാലിനും എട്ടിനും ഇടയിലെ പ്രദേശം പട്രോളിംഗ് നിരോധിത നോമാൻ ലാൻഡ് ആയി മാറ്റാനും ആലോചനയുണ്ട്.
പാംഗോംഗ് തടാകത്തിന് വടക്കും തെക്കും കരയിലും ഡെപ്‌സാംഗ് മേഖലയിലും അടക്കം ഇരു സൈന്യങ്ങളും ഏപ്രിലിന് മുമ്പേ നിന്ന സ്ഥലങ്ങളിലേക്ക് മടങ്ങാനാണ് നവംബർ 6ന് ചേർന്ന കമാൻഡർ തല ചർച്ചയിൽ ധാരണയായത്. മൂന്നുഘട്ടമായി നടപ്പാക്കുന്ന സൈനിക പിൻമാറ്റം അടുത്തയാഴ്‌ച തുടങ്ങുമെന്നാണ് സൂചന. അതിന് മുന്നോടിയായി താത്‌കാലികമായി നിർമ്മിച്ച കെട്ടിടങ്ങളും മറ്റും പൊളിക്കും. നിയന്ത്രണ രേഖയ്‌ക്ക് ഇരുവശത്തും സൈന്യങ്ങൾ മുഖാമുഖം നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.