ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യയ്‌ക്കുള്ള ബന്ധം പൊതുതാത്‌പര്യങ്ങളിൽ അധിഷ്‌ഠിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 17-ാം ഇന്ത്യ-ആസിയാൻ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്തോ-പസഫിക് സമുദ്ര മേഖലയുമായ ബന്ധപ്പെട്ട ഇന്ത്യയുടെ നയങ്ങൾ ആസിയാനുമായി ബന്ധപ്പെട്ടതാണ്. അതിന് ചരിത്രപരവും ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായ അടിസ്ഥാനമുണ്ട്. ആസിയാനും ഇന്ത്യയ്‌ക്കുമിടയിലെ ബന്ധം വിപുലമാക്കണം. വെർച്വൽ സമ്മേളനം നടത്തിയും ആ ലക്ഷ്യം കൈവരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ പങ്കെടുത്തവർ ഒന്നിച്ചിരുന്നെടുക്കുന്ന കുടുംബ ഫോട്ടോ കൊവിഡ് മൂലം ഇല്ലാതായതിൽ ദുഃഖമുണ്ടെന്നും മോദി പറഞ്ഞു.
2021-2025ലെ ഇന്ത്യാ-ആസിയാൻ പദ്ധതി നയരൂപീകരണത്തിനായുള്ള സമ്മേളനത്തിൽ വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയൻ സുവാൻ ഫുക് അദ്ധ്യക്ഷനായി.
കൊവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗം മെച്ചപ്പെടുത്തൽ, പ്രാദേശിക, അന്താരാഷ്‌ട്ര സംഭവ വികാസങ്ങൾ എന്നിവയും ചർച്ചയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.