ന്യൂഡൽഹി: ലഡാക്കിന്റെ തലസ്ഥാമായ ലേ മുമ്പുണ്ടായിരുന്നത് പോലെ ജമ്മുകാശ്‌മീരിന്റെ ഭാഗമാക്കി കാണിക്കുന്ന ട്വിറ്ററിന് കേന്ദ്ര ഐ.ടി വകുപ്പ് നോട്ടീസ് അയച്ചു. അഞ്ചു ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ഐ.ടി നിയമപ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ ഗ്ളോബൽ വൈസ് പ്രസിഡന്റിന്റെ പേരിൽ അയച്ച നോട്ടീസിൽ പറയുന്നു. ട്വിറ്ററിന്റെ ലൊക്കേഷൻ സെറ്റിംഗ്സിൽ ലേ മേഖല ചൈനയുടെ ഭാഗമാക്കി ചിത്രീകരിച്ചതും വിവാദമായിരുന്നു.
ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച പാർലമെന്റിനെ അപമാനിക്കുകയാണ് ട്വിറ്ററെന്ന് നോട്ടീസിൽ പറയുന്നു. നോട്ടീസിന് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ ഐ.ടി നിയമത്തിലെ 69 എ വകുപ്പ് പ്രകാരം ട്വിറ്ററിന്റെ പ്രവർത്തനം നിരോധിക്കാനും ഇന്ത്യയിലെ പ്രതിനിധികളെ ആറുമാസം ജയിലിടാനും കഴിയും.