ഈ മാസം നാലിന് മദ്ധ്യപ്രദേശിലെ നിവാരി ജില്ലയിലൊരു അപകടമുണ്ടായി. അഞ്ചു വയസുകാരനായ പ്രഹ്ലാദ് വീടിനു മുന്നിലെ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. 80 അംഗ ദുരന്തനിവാരണ സേനയടക്കം എത്തി 90 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം. പ്രഹ്ലാദിന് മൂന്ന് ദിവസം ചലനമുണ്ടായിരുന്നു. നാലാം ദിവസം പുലർച്ചയോടെ രക്ഷാപ്രവർത്തന സംഘം പ്രഹ്ലാദിനടുത്ത് എത്തിയെങ്കിലും കുഞ്ഞ് പ്രഹ്ലാദിന്റെ ജീവൻ അപ്പോഴേക്കും ഇളംമേനി വിട്ടിരുന്നു. മദ്ധ്യപ്രദേശ് സർക്കാർ പ്രഹ്ലാദിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. എല്ലാം അവിടെ അവസാനിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ പഞ്ചാബിലെ മൂന്ന് വയസുകാരൻ സുർജിത്ത്, അതിന് ഒരു മാസം മുമ്പേ തമിഴ്‌നാട്ടിലെ നാലു വയസുകാരൻ ആനന്ദ് അങ്ങനെ വാ പിളർന്ന് നിൽക്കുന്ന കുഴൽക്കിണറിൽ ബലിയായി മാറുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ വാർത്തകൾ എല്ലാ മാസവും മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചുകൊണ്ടേയിരിക്കുന്നു. അപകടം നടന്നുകഴിയുമ്പോൾ കേന്ദ്രസേനയെത്തുന്നു, സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നു, ദിവസങ്ങൾക്ക് ശേഷം ശ്രമങ്ങൾ വിഫലമായി എന്ന തലക്കെട്ടിൽ മാദ്ധ്യമങ്ങളിൽ ഇടംപിടിച്ച് താത്‌കാലികമായി അപകടം അരങ്ങൊഴിയുന്നു.
പെരുകുന്ന അപകടങ്ങൾ
ദേശീയ ദുരന്തനിവാരണ സേനയുടെ കണക്കുകൾ പ്രകാരം 2010 ൽ 40 കുട്ടികളുടെ ജീവനാണ് കുഴൽക്കിണറുകൾ എടുത്തത്. ഒരു ദിവസം രാജ്യത്ത് ശരാശരി അഞ്ച് കുഴൽക്കിണർ അപകടങ്ങൾ നടക്കുന്നു എന്നാണ് സേന പറയുന്നത്. ഇതിൽ 70 ശതമാനം കേസുകളിൽ ശ്രമങ്ങൾ വിഫലമാക്കി അപകടം മരണത്തിൽ അവസാനിക്കുകയാണ് പതിവ്.
അപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് ഹരിയാന, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് .
ജലദൗർലഭ്യം കാരണം ഈ സംസ്ഥാനങ്ങളിലുള്ള 60 ശതമാനവും കുഴൽക്കിണറുകളാണ് എന്നതാണ് കാരണം. 17.6 ശതമാനം കുഴൽക്കിണർ അപകടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാൻ (11.8 ശതമാനം) , കർണാടക (8.8 ശതമാനം) , മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര (5.9 ശതമാനം വീതം), അസം (2.9 ശതമാനം) എന്നിങ്ങനെ പോകുന്നു അപകട കണക്കുകൾ. 27 മില്യൺ കുഴൽക്കിണറുകൾ രാജ്യത്തുണ്ട്.
എന്തുകൊണ്ട് കുഞ്ഞുങ്ങൾ!
കുഴൽക്കിണർ അപകടങ്ങളിലെ പ്രധാന ഇരകൾ കുട്ടികളാണ്. പത്തുവയസിന് താഴെയുള്ള കുഞ്ഞുങ്ങൾ. എന്തുകൊണ്ടിങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? പരമാവധി 4.5 ഇഞ്ച് വിസ്തൃതി മുതൽ 12 ഇഞ്ച് വരെ വിസ്തൃതിയിലുള്ള കിണറുകളിൽ കുഞ്ഞുകാലുകളേ കുടുങ്ങൂ. തുറസായ സ്ഥലത്ത് മൂടിയില്ലാതെ കിടക്കുന്ന കുഴൽക്കിണറുകളിൽ ഒരുപക്ഷേ മുതിർന്നവരുടെ കാലുകളും പെടുന്നുണ്ടാകാം. എന്നാൽ പൈപ്പിനുള്ളിൽ പെട്ട കാൽ ആയാസമില്ലാതെ ഊരിയെടുത്ത് മുതിർന്നവർക്ക് രക്ഷപ്പെടാം.
1,500 അടി വരെ ആഴത്തിൽ പാതാളത്തിലേക്ക് ഇറങ്ങി ഭൂഗർഭജലം വലിച്ചെടുക്കുന്ന ഇത്തരം കിണറുകളിൽ ഒരിക്കൽ ജലലഭ്യത അവസാനിച്ചാൽ പിന്നെ എന്നെന്നും ഉപയോഗശൂന്യമായി അവശേഷിക്കും. ഇത്തരം കിണറുകൾക്കുള്ളിൽ നിന്ന് പൈപ്പ് വലിച്ചെടുത്തശേഷം കുഞ്ഞുവായുള്ള ഭീമൻ കുഴിയായി അവ അതേപടി നിലനില്‌ക്കുന്നു. വെള്ളം തരുന്ന കിണറുകളേക്കാൾ ഉപയോഗശൂന്യമായി ഉപേക്ഷിച്ച കിണറുകളാണ് ഏറെ അപകടകാരികൾ. അവ ശാസ്ത്രീയമായി നിർമ്മാർജനം ചെയ്യാതെ കുഴിയായിത്തന്നെ അവശേഷിപ്പിക്കുന്നവരാണ് ഇത്തരം അപകടങ്ങളിലെ പ്രധാന പ്രതികൾ.
ഇന്ത്യയിൽ നവംബർ 28, 2018ലെ സുപ്രീംകോടതി വിധി അനുസരിച്ച് രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട എല്ലാ കുഴൽക്കിണറും മൂടണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നിട്ടും വായ പിളർന്ന് കിടക്കുന്നവ ഏറെയാണ്.
നോക്കി നിൽക്കാനെ ആകുന്നുള്ളൂ
ചന്ദ്രനിൽ എത്താനുള്ള ടെക്‌നോളജി ഉണ്ടായിട്ടും, രാജ്യത്തെ കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കാൻ സാങ്കേതികവിദ്യ ഒന്നുമില്ലെന്നതാണ് നിരാശാജനകം. പരമ്പരാഗത രീതിയിൽ സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള നീക്കമാണ് എല്ലാ കുഴൽക്കിണർ അപകടങ്ങളിലും രക്ഷപ്രവർത്തകർ അവലംബിക്കുന്നത്. സമാന്തരമായി ഒരു കുഴി എന്ന മാർഗത്തിൽ മണ്ണിന്റെ ഘടന, പാറ, വെള്ളം, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ സമയമെടുത്ത് പഠിച്ച് പ്ലാൻ ചെയ്താണ് കുഴിക്കുന്നത്. ആളോ ഉപകരണമോ ഇറങ്ങേണ്ടതിനാൽ കുഴിക്കേണ്ട സമാന്തര കിണറിന് വ്യാസം കൂടുതൽ വേണം. ഇത് മണ്ണിടിച്ചിലിന് ഇടയാക്കിയേക്കാം. എണ്ണക്കിണറുകളിലും മറ്റും ഓരോ ഭാഗങ്ങളായി സ്ലീവുകൾ ഇറക്കിയാണ് കുഴിക്കുന്നത്. എന്നാൽ കുഴൽക്കിണർ അപകടങ്ങളിൽ ഇതിന് സമയവും സാഹചര്യവുമില്ല. അതിനാൽ ഇത്തരം സാഹചര്യത്തിൽ, എത്ര അനുഭവസമ്പത്തുള്ള എൻജിനീയറും, ആധുനിക ഉപകരണവും ഉണ്ടെങ്കിലും കാര്യങ്ങൾക്ക് വേഗത ലഭിക്കും എന്ന് പറയാൻ പറ്റില്ല.
കുട്ടികൾക്കുണ്ടാകുന്ന കുഴൽക്കിണർ അപകടങ്ങളിൽ അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ധാരാളം എഞ്ചിനീയറിംഗ് പ്രൊജക്‌ടുകൾക്ക്, രാജ്യത്തെ ശാസ്‌ത്രമേളകളിൽ വിദ്യാർത്ഥികളും, സ്വകാര്യ സംരംഭകരും രൂപം നൽകുന്നായി കാണാം. എന്നാൽ അവയൊക്കെ പ്രായോഗിക തലത്തിൽ എത്തുന്നില്ല എന്ന് മാത്രമല്ല പ്രയോഗികതലത്തിൽ പലപ്പോഴും ഇവ പരാജയപ്പെടുന്നു. ഇവയുടെ വർക്കിംഗ് മോഡലിന്റെ പരീക്ഷണം പാവകളിലും ഡമ്മികളിലുമാണ് നടക്കുന്നത്. എന്നാൽ അവ ജീവനുള്ള മനുഷ്യനിൽ എങ്ങനെ പരീക്ഷിക്കപ്പെടുമെന്നത് വെല്ലുവിളിയാണ്. ഒരു പാവയേയും മറ്റും ഡെമോ കാണിച്ച് പുറത്തെടുക്കുന്നതുപോലെയല്ല ജീവനുള്ള കുഞ്ഞിനെ പുറത്തെടുക്കുന്നത്. റോബോട്ടിക് ഗ്രിപ്പറുകൾ കൊണ്ടും മറ്റും കുട്ടിയെ അപകടരഹിതമായി വേദനിപ്പിക്കാതെ പുറത്തെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. റോക്കറ്റ് സയൻസിനേക്കാൾ സങ്കീർണമാണ് ഇവിടത്തെ സാഹചര്യങ്ങൾ.
ഇതിനൊപ്പം ഓരോ കുഴൽകിണറിന്റെയും അവസ്ഥ വ്യത്യസ്തമായിരിക്കും. കിണറിന്റെ പഴക്കം പലപ്പോഴും പ്രദേശവാസികൾക്ക് പോലും നിശ്ചയമുണ്ടാകില്ല. കിണറിന്റെ ആഴവും പരപ്പും കുഴിച്ചയാൾക്ക് ഉറപ്പില്ലെന്നപോലെ.
ഭൂഗർഭജലവും ഉടൻ വറ്റും
ജലദൗർലഭ്യത്തിൽ നട്ടംതിരിയുന്നതിനിടെ 1970കളിലാണ് കുഴൽകിണർ വിദ്യ ഇന്ത്യയിലെത്തുന്നത്. ഭൂമിയുടെ ഉള്ളറയിൽ വരെയെത്തി അവശേഷിക്കുന്ന അവസാന കണവും ഊറ്റിയെടുക്കുന്ന വിദ്യ. എന്നാൽ കഴിഞ്ഞ വർഷം കേന്ദ്രസർക്കാരിന്റെ ആസൂത്രണവിഭാഗ സ്ഥാപനമായ നീതി ആയോഗ് പുറത്ത് വിട്ട റിപ്പോർട്ടിൽ ഭൂഗർഭജലത്തിനും ഉടൻ താഴ്‌വീഴുമെന്ന മുന്നറിയിപ്പുണ്ട്.രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങി സംസ്ഥാനങ്ങളിലെ 21 നഗരങ്ങളിലെ ഭൂഗർഭജലം ഉടൻ വറ്റുമെന്നാണ് റിപ്പോർട്ട്. ഈ 21 നഗരങ്ങളിലായി ഏതാണ്ട് 20 കോടി ജനങ്ങളെ ജലദൗർലഭ്യം നേരിട്ടു ബാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ഇന്ത്യൻ ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനത്തിനും 2030 ആകുമ്പോഴേക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാകില്ലെന്നും നീതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നു. നഗരത്തിലെ ടാപ്പുകൾ പ്രവർത്തന രഹിതമായ ഒരു ദിവസം, തങ്ങളുടെ പ്രതിദിന ജല ക്വാട്ടക്കായി നീണ്ടവരിയിൽ നിലയുറപ്പിച്ച ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗൺ നിവാസികളുടെ ദയനീയ ചിത്രങ്ങൾ താമസിയാതെ നമ്മുടെ പരിസരങ്ങളിലും കാണാനായേക്കും.