aravind

ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് സ്ഥിതി വീണ്ടും രൂക്ഷമായതിന് പ്രധാന കാരണങ്ങളിലൊന്ന് വായുമലിനീകരണമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കൂടുതൽ പ്രതിരോധ നടപടികളെടുക്കുമെന്നും ഏഴ് മുതൽ പത്തുദിവസത്തിനുള്ളിൽ കൊവിഡ് കുതിപ്പ് നിയന്ത്രിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 7,053 രോഗികൾ.

അതേസമയം രാജ്യത്ത് നിലവിൽ കൊവിഡ് ചികിത്സയിലുള്ളത് 4,84,547 പേരാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസമാണ് 5 ലക്ഷത്തിന് താഴെ നിൽക്കുന്നത്. ആകെ രോഗികളുടെ 5.55 ശതമാനമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 49,079 പേരാണ്. ആകെ കൊവിഡ് രോഗമുക്തർ 81,15,580 ആണ്. രോഗമുക്തി നിരക്ക് 92.97ശതമാനമായും ഉയർന്നു. പുതുതായി രോഗമുക്തരായവരിൽ 77.83 ശതമാനവും കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 547 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ കൊവിഡ് മരണങ്ങളിൽ 22.3 ശതമാനവും മഹാരാഷ്ട്രയിലാണ് (122 മരണം). ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ യഥാക്രമം 104 പേരും 54 പേരും മരിച്ചു.