നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ
ന്യൂഡൽഹി: ബീഹാറിൽ എൻ.ഡി.എ സഭാ നേതാവായി ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ ഔപചാരികമായി നാളെ തിരഞ്ഞെടുക്കും. ഇതിനായി എൻ.ഡി.എ എം.എൽ.എമാരുടെ യോഗം നാളെ ഉച്ചയ്ക്ക് 12.30ന് പാട്നയിൽ ചേരും. സത്യപ്രതിജ്ഞ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും അന്നുണ്ടാകും. ശുഭദിനമായി കരുതുന്ന 'ഭയ്യാ ദൂജ്' ആഘോഷദിവസമായ തിങ്കളാഴ്ച തന്നെ നിതീഷ് സത്യപ്രതിജ്ഞ ചെയ്തേക്കും.
ഇന്നലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ എൻ.ഡി.എ നേതാക്കൾ യോഗം ചേർന്നു. ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്സ്വാൾ, ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, ജെ.ഡി.യു നേതാക്കളായ ആർ.സി.പി സിംഗ്, വിജയ്‌കുമാർ ചൗധരി, എച്ച്.എ.എം അദ്ധ്യക്ഷൻ ജിതൻ റാം മാഞ്ചി, വി.ഐ.പി അദ്ധ്യക്ഷൻ മുകേഷ് സാഹ്നി എന്നിവർ പങ്കെടുത്തു.
നിതീഷിനെ പിന്തുണച്ചുള്ള കത്ത് കഴിഞ്ഞദിവസം എച്ച്.എ.എം നേതാവ് മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി നിതീഷിന് നൽകിയിരുന്നു. സംസ്ഥാന മന്ത്രിസഭയുടെ അവാസാന യോഗം വൈകിട്ടോടെ ചേർന്ന് നിലവിലെ നിയമസഭ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്തു.
അതിനിടെ സംസ്ഥാനത്തെ ഏക സ്വതന്ത്ര എം.എൽ.എ സുമിത് സിംഗ് എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ കണ്ടശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ നിതീഷ് സർക്കാരിനുള്ള പിന്തുണ 126 ആയി ഉയർന്നു. എൻ.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ബി.ജെ.പിക്കായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.