ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രാഷ്‌ട്രീയ നേതാവിനുള്ള ഗുണങ്ങളില്ലെന്ന് മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിമർശനം. ഉടൻ പുറത്തിറങ്ങുന്ന 'എ പ്രൊമിസ് ലാൻഡ്' എന്ന പുസ്‌തകത്തിലാണ് രാഹുലിന്റെ കുറവുകളെക്കുറിച്ച് ഒബാമയുടെ പരാമർശം. 'അദ്ധ്യാപകരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന കുട്ടികളുടെ പ്രകൃതമാണ് രാഹുൽ ഗാന്ധിക്ക്. എന്നാൽ വിഷയങ്ങളിൽ കേമനാകാനുള്ള അഭിരുചിയും അഭിനിവേശവുമില്ല. വികാരത്തിന് അടിമപ്പെടുന്ന ആളാണ്. തനതു ഗുണങ്ങളൊന്നുമില്ലെന്നും' ഒബാമയുടെ പുസ്‌തകത്തിൽ പറയുന്നു. അതേസമയം രാഹുലിന്റെ അമ്മയും കോൺഗ്രസ് അദ്ധ്യക്ഷനുമായ സോണിയാ ഗാന്ധിയെ സ്‌ത്രീസൗന്ദര്യത്തിന്റെ പ്രതീകമായാണ് ഒബാമ വിശേഷിപ്പിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് അക്ഷോഭ്യനും നീതിമാനുമെന്നാണ് ഒബാമയുടെ അഭിപ്രായം.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ചിക്കാഗോയിലെ പ്രാദേശിക രാഷ്‌ട്രീയ ബോസുമാരെ ഒാർമ്മിപ്പിക്കുന്ന തന്ത്രങ്ങളുടെ ആശാനാണെന്നും പക്ഷേ അദ്ദേഹത്തിന്റെ ശാരീരിക ക്ഷമത അസാമാന്യമാണെന്നും പുസ്‌തകത്തിൽ വിവരിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ നാലുവർഷത്തെ ഭരണം യു.എസിനെ വിഘടിപ്പിക്കാനും ക്ഷുഭിതമാക്കാനുമാണ് ഉപകരിച്ചതെന്നും കാര്യങ്ങൾ നേരെയാകാൻ സമയമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വൈസ്ഹൗസിൽ പ്രസിഡന്റിന്റെ സുരക്ഷയും തിരക്കുപിടിച്ച ജീവിതവും സ്വകാര്യ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് ഒബാമ വെളിപ്പെടുത്തൽ. പ്രശസ്‌തിക്കിടയിലും ഭാര്യ മിഷേൽ വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നു. താൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക ബ്ളാക്ക്ബെറി മൊബൈൽ ഫോണിൽ 20പേരെ മാത്രമാണ് വിളിക്കാൻ അനുവാദമുണ്ടായിരുന്നത്. മൈക്രോഫോണും, ഹെഡ്ഫോൺ സൗകര്യങ്ങളും ഇല്ലാത്ത ഫോൺ കുട്ടികളുടെ കളിപ്പാട്ടം പോലെ തോന്നിച്ചെന്നും കറുത്ത വർഗക്കാരനായ ആദ്യ യു.എസ് പ്രസിഡന്റ് വിവരിക്കുന്നു.