ന്യൂഡൽഹി: മദ്ധ്യപ്രദേശ്, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലേതിന് സമാനമായി ബീഹാറിലും എം.എൽ.എമാരുടെ കൂറുമാറ്റ ആശങ്കയുമായി കോൺഗ്രസ്. എൻ.ഡി.എയിലേക്ക് പോയേക്കുമെന്ന് സംശയിക്കപ്പെടുന്ന ഒമ്പത് എം.എൽ.എമാരുടെ പട്ടിക കോൺഗ്രസ് ബീഹാർ ഘടകം ഹൈക്കമാൻഡിന് കൈമാറിയതായും ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രനേതൃത്വം നിർദ്ദേശിച്ചതായും അറിയുന്നു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച എഴുപത് പേരെയും പാട്നയിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. 19 പേർ മാത്രമാണ് വിജയിച്ചത്. സംഘടന ദുർബലമായ ബീഹാറിൽ എന്തും സംഭവിക്കാമെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്. ബീഹാറിൽ എൻ.ഡി.എ സഖ്യത്തിന് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. നാലു സീറ്റുകൾ വീതമുള്ള ഘടകക്ഷികളായ ജിതൻറാംമാഞ്ചിയുടെ എച്ച്.എ.എമ്മോ മുകേഷ് സാഹ്നിയുടെ വി.ഐ.പിയോ വിട്ടുപോയാൽ എൻ.ഡി.എയ്ക്ക് കേവലഭൂരിപക്ഷം നഷ്ടമാകും. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് എം.എൽ.എമാരെ ജെ.ഡി.യുവും ബി.ജെ.പിയും കൂറുമാറ്റാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിരാശയുണ്ടെന്ന് ചിദംബരം
ബീഹാറിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ നിരാശയുണ്ടെന്ന് പ്രവർത്തകസമിതിയംഗവും മുതിർന്ന നേതാവുമായ പി.ചിദംബരം. തോൽവിയെക്കുറിച്ച് പ്രവർത്തകസമിതി വിശദമായ പരിശോധന നടത്തും. തുടർന്ന് ഔദ്യോഗികമായ നിലപാട് വ്യക്തമാക്കും. ബീഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നും ചിദംബരം പറഞ്ഞു.