ന്യൂഡൽഹി: .ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്‌റ്റ് ചെയ്‌ത ശേഷം ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്തുണ നൽകിയിരുന്നു. പാർട്ടി അംഗമല്ലാത്ത ബിനീഷിന്റെ കാര്യത്തിൽ ഉത്തരവാദിത്വമില്ലെന്നും, കോടിയേരി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് അന്ന് സീതാറാം യെച്ചൂരി പറഞ്ഞത്.
പിന്നീട് തിരുവനന്തപുരത്തെ വീട്ടിലടക്കം നടന്ന റെയ്ഡുകളെ തുടർന്ന് പാർട്ടി സമ്മർദ്ദത്തിലായതോടെ , സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നത് ഉചിതമായിരിക്കുമെന്ന് ഒരു വിഭാഗം കേന്ദ്ര നേതാക്കൾ നിർദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിനീഷ് കോടിയേരി വിഷയം യു.ഡി.എഫും ബി.ജെ.പിയും ഉയർത്തുമ്പോൾ പ്രതിരോധിക്കാൻ കോടിയേരി മാറിനിൽക്കുന്നതാണ് ഉചിതമെന്ന് അവർ പറഞ്ഞു. എന്നാൽ കോടിയേരി മാറിനിൽക്കുന്നത് പ്രതിപക്ഷത്തിന് രാഷ്‌ട്രീയ മുതലെടുപ്പിന് അവസരം നൽകലാണെന്ന് പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടതായും അറിയുന്നു.