ന്യൂഡൽഹി: പകർപ്പാവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്‌ത് അക്കൗണ്ട് ബ്ളോക്ക് ചെയ്‌ത് ട്വിറ്റർ.
സംഭവം വിവാദമായതോടെ ട്വിറ്റർ ക്ഷമാപണവും വിശദീകരണവുമായി രംഗത്തെത്തി. പകർപ്പാവകാശം ലംഘിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടോ മാറ്റി അക്കൗണ്ട് ലോക്ക് ചെയ്‌തത്. അബദ്ധത്തിൽ സംഭവിച്ച പിശകാണെന്നും അതു തിരിച്ചറിഞ്ഞയുടൻ അക്കൗണ്ട് പൂർവസ്ഥിതിയിലാക്കിയെന്നും ട്വിറ്റർ വിശദീകരിച്ചു. അമിത് ഷായുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് 2.36 കോടി ഫോളോവേഴ്സുണ്ട്.
ലഡാക്കിന്റെ തലസ്ഥാനമായ ലേയുടെ മാപ്പ് തെറ്റായി ചിത്രീകരിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാർ ട്വിറ്ററിനെതിരെ നടപടിയെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം.