modi

ന്യൂഡൽഹി: ഇക്കുറിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുമെന്ന് സൂചന. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജയ്‌സാൽമീരിലാകും പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആഘോഷമെന്നും അറിയുന്നു. സുരക്ഷാകാരണങ്ങളാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല.

2016 മുതൽ നരേന്ദ്രമോദി ദീപാവലി ദിനം സൈനികർക്കൊപ്പമാണ് ചെലവിടുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ചൈനാ അതിർത്തിയിലെ മാനായിൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) സേനാംഗങ്ങൾക്കൊപ്പമായിരുന്നു 2016ലെ ആഘോഷം.

2017ൽ പാക് അതിർത്തിയോട് ചേർന്നുള്ള ജമ്മുകാശ്‌മീരിലെ ഗുരേസ് സെക്‌ടറിലും 2018ൽ വീണ്ടും ഉത്തരാഖണ്ഡിൽ ചൈനീസ് അതിർത്തിയിൽ ഐ.ടി.ബി.പിക്കാർക്കൊപ്പവും ചെലവിട്ടു.

370-ാം വകുപ്പ് എടുത്തു കളഞ്ഞതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കഴിഞ്ഞ കൊല്ലം ജമ്മുകാശ്‌മീരിലെ രജൗരി സെക്‌ടറിലേക്കാണ് മോദി പോയത്. അവിടെ നിന്ന് മടങ്ങും വഴി ഭീകരാക്രമണം നടന്ന പാത്താൻകോട്ട് വ്യോമത്താവളത്തിലെ സൈനികർക്കൊപ്പവും ആഘോഷം നടത്തി.