modi

ന്യൂഡൽഹി: മറ്റു രാജ്യങ്ങളുമായി പരസ്പര ധാരണയാണ് ഇന്ത്യയുടെ നിലപാടെങ്കിലും അതിർത്തിയിൽ ക്ഷമ പരീക്ഷിച്ചാൽ കനത്ത തിരിച്ചടി ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്.

1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന് തുടക്കമിട്ട രാജസ്ഥാനിലെ ജയ്‌സാൽമീറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയ മോദി, ബി.എസ്.എഫ് സേനാംഗങ്ങളെ അഭിസംബോധന ചെയ്യവേയാണ് പാകിസ്ഥാനും ചൈനയ്ക്കും ശക്തമായ മുന്നറിയിപ്പ് നൽകിയത്.കരയിലോ കടലിലോ ആകാശത്തോ ശത്രുവിനെ തകർക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്. സമാധാനത്തിന്റെ സന്ദേശം മനസിലാകാത്തവർക്ക് ഉചിതമായ മറുപടി നൽകും. അതിർത്തി സംരക്ഷിക്കുന്നതിൽ നിന്ന് ഇന്ത്യൻ സൈനികരെ തടയാൻ ഒരു ശക്തിക്കുമാവില്ല. വെല്ലുവിളി ഉയർത്തുന്നവരെ പാഠം പഠിപ്പിക്കാനുള്ള കരുത്തും രാഷ്‌ട്രീയ ഇച്ഛാശക്തിയും ഇന്ത്യ തെളിയിച്ചിട്ടുണ്ട്. ഭീകരരെയും അവരുടെ നേതാക്കളെയും , സ്പോൺസർ ചെയ്യുന്നവരെയും അവരുടെ വീട്ടിൽച്ചെന്ന് വകവരുത്താനും മടിക്കില്ലെന്ന് തെളിയിച്ചതാണെന്നും പാക് അതിർത്തിയിലെ സർജിക്കൽ ആക്രമണത്തെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ കീർത്തിക്കും ഔന്നത്യത്തിനും കാരണം സൈനികരുടെ ധീരതയും കരുത്തുമാണ്. മഞ്ഞിലും മരുഭൂമിയിലും നിബിഡ വനഭൂമിയിലും ആഴക്കടലിലും നമ്മുടെ സൈനികർ കരുത്തു തെളിയിച്ചു. ലോകത്തിന് മുന്നിൽ നിവർന്നു നിൽക്കാൻ ഇന്ത്യയ്‌ക്ക് ധൈര്യം നൽകുന്നത് ഇതാണ്. സൈനികർ കാവലുണ്ടെന്ന സമാധാനത്തിലാണ് ഓരോ ഇന്ത്യക്കാരനും ദീപാവലി ആഘോഷിക്കുന്നത്. സൈനികർ സ്വന്തം കുടുംബമായതു കൊണ്ടാണ് എല്ലാവർഷവും ഞാൻ നിങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. ആയുധങ്ങളും ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിച്ച് ആത്മനിർഭർ ഭാരത് ലക്ഷ്യം കൈവരിക്കും.

ചില ശക്തികൾ സമാധാനത്തിന് ഭീഷണി

സാമ്രാജ്യം വികസിപ്പിക്കാനായി ഇറങ്ങിത്തിരിച്ച ചില ശക്തികൾ ലോക സമാധാനത്തിനു ഭീഷണിയാണെന്ന് ചൈനയെ പരോക്ഷമായി പരാമർശിച്ച് മോദി പറഞ്ഞു.18-ാം നൂറ്റാണ്ടിലെ വികലമായ മാനസിക ചിന്താഗതിയാണവർക്ക്. കൈയേറ്റം ഇനി വിലപ്പോവില്ല. ക്ഷമ ഇന്ത്യയുടെ ദൗർബല്യമായി കാണരുത്. പരീക്ഷിച്ചാൽ മറുപടി അതിശക്തമായിരിക്കും. സ്വന്തം മണ്ണിൽ ഒരിഞ്ച് വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ല.

1971ലേത് ചരിത്രവിജയം

ബംഗ്ളാദേശിൽ (പഴയ കിഴക്കൻ പാകിസ്ഥാൻ) സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയടക്കം കാട്ടിക്കൂട്ടിയ കൊടുംക്രൂരതയ്ക്ക് മറയിടാനാണ് 1971ൽ പാകിസ്ഥാൻ ലോംഗെവാലയിൽ യുദ്ധം തുടങ്ങിയത്. ഇന്ത്യൻ സൈനികർ അവരുടെ ദുരുദ്ദേശ്യങ്ങൾ തകർത്തു. ഒരു രാജ്യത്തെ (ബംഗ്ളാദേശ്) സ്വതന്ത്രമാക്കി. ലോക യുദ്ധ ചരിത്രത്തിൽ മികവിന്റെ അദ്ധ്യായമായി എന്നും ഓർമ്മിക്കപ്പെടുന്ന സംഭവമാണത്. 1971ലെ യുദ്ധ വിജയത്തിന്റെ 50-ാം വാർഷികം അടുത്ത വർഷം ആഘോഷിക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ലോംഗെവാല ഇത്തവണ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു.