covid

ന്യൂഡൽഹി: മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡൽഹിയിൽ ഗുരുതര സാഹചര്യം. പ്രതിദിന കേസുകളിലും മരണത്തിലും റെക്കാർഡ് വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. പോസിറ്റിവിറ്റി നിരക്കും കുതിക്കുകയാണ്.

ഒക്ടോബർ 28ന് ശേഷമാണ് ഡൽഹിയിൽ പ്രതിദിന കേസുകൾ ഉയർന്നത്. കഴിഞ്ഞ 13 ദിവസത്തിനിടെ 88,124 കേസുകൾ. 912 മരണം. പ്രതിദിനം ശരാശരി 70പേർ ഡൽഹിയിൽ മരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിലധികം പരിശോധനകൾ നടന്നു. 13.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. വെന്റിലേറ്ററില്ലാത്ത 321 കിടക്കകളാണ് അവശേഷിക്കുന്നത്.

പത്ത് ദിവസത്തിനകം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് ഡൽഹി സർക്കാർ പ്രത്യാശ പ്രകടിപ്പിക്കുമ്പോഴും പൊതു ഇടങ്ങളിലെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടികളില്ല. ഹരിയാനയിൽ അറുപത് ശതമാനവും ഹിമാചൽ പ്രദേശിൽ അമ്പത് ശതമാനവും മരണ നിരക്ക് ഉയർന്നതും ആശങ്ക സൃഷ്ടിക്കുന്നു.

കുറയാതെ കൊവിഡ്

രാജ്യത്തെ കൊവിഡ് രോഗികൾ 87,73,479 ആയി ഉയർന്നു. 44,684 പുതിയ രോഗികൾ. ഇന്നലെ 520 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,29,188 ആയി ഉയർന്നു. നിലവിൽ 4,80,719 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 47,992 പേർക്ക് രോഗം ഭേദമായി. ആകെ രോഗമുക്തരുടെ എണ്ണം 81,63,572. രാജ്യത്ത് ഇന്നലെ പത്തുലക്ഷത്തിൽ താഴെ സാംപിളുകളാണ് പരിശോധിച്ചത്. 9,29,491 സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത്.