congress

ന്യൂഡൽഹി: ബീഹാറിൽ മികച്ച വിജയം നേടി ഭരണം പിടിക്കാനുള്ള സാഹചര്യം മുതലാക്കാൻ കഴിയാതിരുന്നത് കോൺഗ്രസിന്റെ മോശം പ്രകടനം കാരണമാണെന്ന വാദം മഹാമുന്നണിയിൽ വ്യാപകം. സി.പി.ഐ എം.എല്ലിന് പിന്നാലെ ആർ.ജെ.ഡിയും കോൺഗ്രസിനെ പഴിപറഞ്ഞു.സ്ഥിരം അദ്ധ്യക്ഷനില്ലാത്ത പാർട്ടി ലക്ഷ്യമില്ലാതെ നീങ്ങുകയാണെന്നും ഉടൻ പ്രവർത്തക സമിതി വിളിച്ചു ചേർക്കണമെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാമുന്നണിയിൽ 144 സീറ്റിൽ മത്സരിച്ച ആർ.ജെ.ഡി 75 ൽ ജയിച്ച് ഏറ്റവും വലിയ കക്ഷിയായപ്പോൾ ഇടതു പാർട്ടികൾ അവർക്കുലഭിച്ച 29 സീറ്റിൽ 16 ഇടത്ത് ജയിച്ച് വലിയ നേട്ടമുണ്ടാക്കി. അതേസമയം 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ജയിപ്പിക്കാനായത് 19 സ്ഥാനാർത്ഥികളെ മാത്രം.

തിരഞ്ഞെടുപ്പിൽ 12 സീറ്റികൾ നേടിയ സി.പി.ഐ എം.എല്ലിന്റെ നേതാവ് ദീപാങ്കുർ ഭട്ടാചാര്യയാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തി ആദ്യം രംഗത്തു വന്നത്. പശ്ചിമ ബംഗാളിൽ ഇടത്പക്ഷവും കോൺഗ്രസും തമ്മിൽ സഹകരിക്കാനുള്ള തീരുമാനം ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസങ്ങളിൽ മൗനം പാലിച്ച ആർ.ജെ.ഡി നേതൃത്വവും കോൺഗ്രസിനെതിരെ രംഗത്തു വന്നു. കോൺഗ്രസ് പ്രകടനം മെച്ചപ്പെടുത്തിയിരുന്നെങ്കിൽ മുന്നണി ഭരണത്തിലെത്തുമായിരുന്നു എന്നാണ് വിലയിരുത്തൽ.

മഹാരാഷ്‌ട്രയിൽ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.സി.പിയും 2017ൽ യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദിപാർട്ടിയും മുന്നണിയിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തെ കുറ്റപ്പെടുത്തിയിരുന്നു.

 രാഹുലിനും വിമർശനം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് റാലികളിൽ വോട്ടമാരെ ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവുമുണ്ട്. കൂടാതെ കോൺഗ്രസ് തന്ത്രമനുസരിച്ച് വികസന പ്രശ്‌നങ്ങളിൽ കേന്ദ്രീകരിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുന്ന രാഹുലിന്റെ പതിവ് രീതിക്ക് വലിയ ഓളമുണ്ടാക്കാനും കഴിഞ്ഞില്ല.