bihar-nda-

ന്യൂഡൽഹി: ബീഹാറിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൻ.ഡി.എയുടെ നിർണായക യോഗം ഇന്ന് ഉച്ചയ്ക്ക് പാട്നയിൽ ചേരും. കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് യോഗത്തിൽ പങ്കെടുക്കും. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി നിലനിറുത്തുമെങ്കിലും സുപ്രധാന വകുപ്പുകൾ മുന്നണിയിലെ വലിയ കക്ഷിയായ ബി.ജെ.പി ഏറ്റെടുക്കുമെന്നാണ് സൂചന.

യോഗത്തിൽ നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്നാണ് വിവരം. ആഭ്യന്തരം, ധനകാര്യം തുടങ്ങി മുൻ സർക്കാരിൽ ജെ.ഡി.യു വഹിച്ചിരുന്ന വകുപ്പുകൾ ബി.ജെ.പി ആവശ്യപ്പെട്ടേക്കും. അതേസമയം ഉത്തർപ്രദേശ് മാതൃകയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ വേണ്ടെന്ന അഭിപ്രായമാണുള്ളത്. സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി തുടർന്നേക്കും. എൻ.ഡി.എയിലെ സഖ്യകക്ഷിയായ ഹിന്ദുസ്ഥാൻ അവാം മോർച്ചാ നേതാവ് ജിതൻ റാംമാഞ്ചി മന്ത്രിസഭയിൽ ചേരില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ബി.ജെ.പി ഗവർണർ പദം വാഗ്‌ദാനം ചെയ്‌തതായി സൂചനയുണ്ട്.

സർക്കാർ രൂപീകരണത്തിന് മുന്നോടിയായി വെള്ളിയാഴ്‌ച നിതീഷ് ഗവർണർക്ക് രാജി നൽകിയിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പാർട്ടി ചുമതലയുള്ള ഭൂപേന്ദ്ര യാദവ് എന്നിവരും യോഗത്തിൽ പങ്കെടുക്കും.