nithish-kumar

ന്യൂഡൽഹി: ബീഹാറിൽ നാലാം തവണയും മുഖ്യമന്ത്രി പദവിയിലേറി നിതീഷ്‌കുമാർ. പുതിയ എൻ.ഡി.എ സർക്കാർ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ മേൽനോട്ടത്തിൽ ഇന്നലെ പാട്‌നയിൽ ചേർന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗം ഒറ്റക്കെട്ടായി നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

തുടർന്ന് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് നിതീഷും എം.എൽ.എമാരും ഗവർണർ ഫാഗു ചൗഹാനുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്ത് നടപ്പിലാക്കിയ വികസനത്തിന്റെ പേരിൽ ജനങ്ങൾ ഒരു അവസരം കൂടി നൽകിയിരിക്കുകയാണെന്നും വികസനപ്രവർത്തനങ്ങൾ ഒരു കുറവുമില്ലാതെ തുടരുമെന്നും നിതീഷ് കുമാർ പ്രതികരിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം വകുപ്പ് വിഭജനവും മന്ത്രിസഭ ചേരുന്നതും സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സുപ്രധാന വകുപ്പുകൾ ആര് കൈകാര്യം ചെയ്യുമെന്നതാണ് ഇനി നിർണായകം.

243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻ.ഡി.എ ഭരണം പിടിച്ചത്. മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ബി.ജെ.പിയുടെ സുശീൽ മോദിക്ക് പകരം കത്തിഹാർ എം.എൽ.എയും ആർ.എസ്.എസ് നേതാവുമായ താർകിഷോർ പ്രസാദാകും ഉപമുഖ്യമന്ത്രിയെന്നാണ് സൂചന. താർകിഷോർ പ്രസാദിനെ ബി.ജെ.പി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മഹാസഖ്യത്തിന് അനുകൂലമായ ജനവിധി ബി.ജെ.പി അട്ടിമറിച്ചുവെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒത്താശയോടെ ബി.ജെ.പി വോട്ടെണ്ണൽ അട്ടിമറിച്ചു. വളരെ കുറച്ച് വോട്ടിനാണ് 20 സീറ്റുകൾ ആർ.ജെ.ഡിക്ക് നഷ്ടമായത്. തപാൽവോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ട്. 900 ത്തോളം തപാൽവോട്ട് അസാധുവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബാഗൽപൂർ എം.എൽ.എ അജീത് ശർമയെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കോൺഗ്രസിൽ ഉടലെടുന്ന ഭിന്നത പരിഹരിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ നിയോഗിച്ചു. കോൺഗ്രസ് എം.എൽ.എമാരെ എൻ.ഡി.എ അടർത്തിയെടുക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

നിതീഷ്, റിമോട്ടിൽ ചലിക്കുന്ന പാവ

ബീഹാറിൽ മുഖ്യമന്ത്രി നിതീഷ്‌കുമാർ ആണെങ്കിലും അദ്ദേഹത്തെ നിയന്ത്രിക്കുക വേറെ ആരെങ്കിലുമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് താരീഖ് അൻവർ. നേരത്തെ നിതീഷ് കുമാർ നല്ല നേതാവും മുഖ്യമന്ത്രിയുമായി ഉയർന്നുവന്നിരുന്നുവെങ്കിലും അദ്ദേഹം എൻ.ഡി.എയിൽ മോശം അവസ്ഥയിലാണെന്നും താരീഖ് പറഞ്ഞു.

'ബി.ജെ.പി ഗൂഢാലോചന നടത്തി അദ്ദേഹത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചു. അദ്ദേഹം വീണ്ടും എൻ.ഡി.എ നേതാവായി. ഇനി നിതീഷ് റിമോട്ട് കൺട്രോൾ വഴി ചലിക്കുന്ന പാവയാവും.'- താരീഖ് പറഞ്ഞു.