amitsha-covid-meeting

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ വൈകിട്ട് അഞ്ചോടെ ഡൽഹി ഗവർണർ അനിൽ ബൈജാൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ, നീതി ആയോഗ് പ്രതിനിധികൾ എന്നിവരുൾപ്പെട്ടെ യോഗത്തിൽ അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി.

പ്രതിദിന പരിശോധനകളുടെ എണ്ണം ഒരു ലക്ഷത്തിലധികം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.

ഡി.ആർ.ഡി.ഒ കേന്ദ്രത്തിൽ 750 ഐ.സി.യു കിടക്കകൾ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കണമെന്ന് ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടിരുന്നു. മാർക്കറ്റുകളിൽ സാമൂഹിക അകലം പാലിക്കാതെ ജനം തിക്കിത്തിരക്കി. പടക്ക നിരോധനവും നടപ്പായില്ല. ലോക്ക്ഡൗണിന് പിന്നാലെ കുറഞ്ഞ അന്തരീക്ഷ മലിനീകരണം ഇന്നലെ രാവിലെ അതിഗുരുതരാവസ്ഥയിലായിരുന്നു. വായൂമലിനീകരണ തോത് നൂറുകടന്നാൽ അപകടമെന്നിരിക്കേ ഡൽഹിയിൽ മിക്കയിടങ്ങളിലും രാവിലെ വായു മലിനീകരണ സൂചിക 450 കടന്നിരുന്നു.

ഇത് രണ്ടാം തവണയാണ് അമിത്ഷാ ഡൽഹിയിലെ രൂക്ഷമായ സാഹചര്യത്തിൽ ഇടപെടുന്നത്. ഡൽഹിയിൽ അതിരൂക്ഷമായിരുന്ന ജൂൺ-ജൂലായ് മാസങ്ങളിൽ ഷാ നേരിട്ട് ഇടപെട്ടിരുന്നു. കൊവിഡ് കെയർ സെന്ററുകൾ അടക്കം നേരിട്ടെത്തി സന്ദർശിക്കുകയും ചെയ്തു.

88 ലക്ഷം കടന്ന് രോഗികൾ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു. ഇന്നലെ 41,100 പേർ രോഗ ബാധിതരായതോടെ ആകെ രോഗികൾ 88,14,579 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 447 പേർ മരിച്ചു. ആകെ മരണം 1,29,635. നിലവിൽ ചികിത്സയിലുള്ളത് 4,79,216 പേരാണ്.

ഡൽഹിയിൽ ഇന്നലെ 95 മരണം. 3235 പുതിയ രോഗികൾ. ആകെ മരണം 7,614. ആകെ രോഗികൾ 4,85,405.