sou

കൽക്കത്ത: വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി വിട വാങ്ങി. 85 വയസായിരുന്നു. കൊവിഡ് മുക്തനായ ശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അന്ത്യം.

ഒക്ടോബർ ആറിനാണ് കൊവിഡ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും മസ്തിഷ്കാഘാതമടക്കമുണ്ടായി.

2004ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. ഭാര്യ ദീപ ചാറ്റർജി. മകൻ സൗഗത. മകൾ. പോലോമി ബസു.

നടൻ, കവി, നാടകകൃത്ത്, പരിഭാഷകൻ, നാടക സംവിധായകൻ, മാഗസിൻ എഡിറ്റർ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു. സത്യജിത് റേയുടെ അപു, ഡിക്ടീവ് ഫെലൂദ,ചാരുലതയിലെ അമൽ തുടങ്ങിയ കഥാപാത്രങ്ങൾ അന്താരാഷ്ട്ര തലത്തിലും പ്രശസ്തനാക്കി. മുഖ്യധാര വാണിജ്യസിനിമകളുടെയും ഭാഗമായി. ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. അവസാന കാലത്തും ഹ്രസ്വ ചിത്രങ്ങളിലടക്കം സജീവമായി. സ്വന്തം ജീവചരിത്ര സിനിമയുടെ പ്രവർത്തനത്തിലായിരുന്നു.

1935 ജനുവരി 19ന് കൊൽക്കത്തയിലാണ് ജനനം. പഥേർ പാഞ്ചലിയിലൂടെ തുടങ്ങിയ സത്യജിത് റേയുടെ അപ്പു ട്രിലോളജിയിലെ അവസാന ചിത്രമായ അപുർ സൻസാറിലൂടെ (അപുവിന്റെ ലോകം) 1959ലാണ് സിനിമയിലെ അരങ്ങേറ്റം. അഭിജാൻ,ചാരുലത,ദേവി, സോനാർ കെല്ല, ജോയ് ബാബ ഫെലുനാഥ്,മഹാപുരുഷ്, ഗണശത്രു തുടങ്ങി 14 സിനിമകളിൽ റേയ്‌ക്കൊപ്പം പ്രവർത്തിച്ചു. മൃണാൾ സെൻ, തപൻസിൻഹ, തരുൺ മജുംദാർ തുടങ്ങിയ പ്രമുഖരുടെ സിനിമകളിലുംഅഭിനയിച്ചു. 200ലേറെ സിനിമകളിൽ വേഷമിട്ടു. സംവിധാനം ചെയ്ത സ്ത്രീ കി പാത്രയും നിരൂപക പ്രശംസ നേടി.
ദാദാസാഹേബ് ഫാൽകെ അവാർഡ് (2012) സംഗീത നാടക അക്കാഡമി അവാർഡ് (1999) എന്നിവ ലഭിച്ചു. ഫ്രഞ്ച് സർക്കാരിന്റെ കമാൻഡർ ഓഫ് ഓർഡർ ഒഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. 2018ൽ ഫ്രഞ്ച് പരമോന്നത സിവിലിയൻ പുരസ്‌കാരമായ ലീജിയൻ ഒഫ് ഓണർ ലഭിച്ചു.സിനിമയ്ക്കുവേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് വിമർശിച്ച് 1970ൽ പത്മശ്രീ പുരസ്‌കാരം നിരസിച്ചു.

അന്ധർധാൻ , പോഡോക്കേപ്പ് , ദേക്കോ എന്നീ സിനിമകളിലൂടെ മൂന്നു തവണ ദേശീയ പുരസ്‌കാര ജേതാവായി. ദേക്കോയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരം അവാർഡ് നിർണയത്തിലെ ലോബിയിംഗ് ചൂണ്ടിക്കാട്ടി നിരസിച്ചു. കലാ സാംസ്‌കാരിക വേദിയിലെ ഇടതുപക്ഷ മുഖമായിരുന്നു.കഴിഞ്ഞവർഷം ഭൂതേർ ഭവിഷ്യത്ത് എന്ന സിനിമയ്ക്ക് ബംഗാളിലുണ്ടായ നിരോധനത്തിനെതിരായ പ്രതിഷേധത്തിലും മുൻ നിരയിലുണ്ടായിരുന്നു. നോട്ടുനിരോധനം, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ വിഷയങ്ങളിലെല്ലാം ശക്തമായ നിലപാടെടുത്തു.