epf

ന്യൂഡൽഹി: സാമൂഹിക സുരക്ഷാ കോഡ് 2020ലെ കരട് നിയമങ്ങൾ തൊഴിൽ മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ, കെട്ടിട നിർമ്മാണ മേഖലയിലടക്കം ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി, പ്രസവാനന്തര ആനുകൂല്യങ്ങൾ, സാമൂഹികസുരക്ഷ, സെസ്, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്.

പൊതുജനങ്ങൾക്ക് 45 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കാം. അസംഘടിത മേഖലയിലെ തൊഴിലാളികൾ കേന്ദ്രസർക്കാർ പോർട്ടലിൽ ആധാർ അധിഷ്ഠിത രജിസ്ട്രേഷൻ നടത്തുന്നതിനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലം ലഭിക്കാൻ അസംഘടിത തൊഴിലാളികൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കെട്ടിട നിർമ്മാണം അടക്കമുള്ള മേഖലയിലെ തൊഴിലാളികളുടെ ആധാർ അധിഷ്ഠിത രജിസ്ട്രേഷനും നിയമം വ്യവസ്ഥചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പോർട്ടലിലും സംസ്ഥാന സർക്കാരിന്റെയോ/സംസ്ഥാന ക്ഷേമ ബോർഡിന്റെയോ പോർട്ടലിലും രജിസ്റ്റർ ചെയ്യേണ്ടതാണ്.