ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി റഷ്യൻ നിർമിത കൊവിഡ് വാക്‌സിൻ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് അടുത്തയാഴ്ച കാൺപൂരിലെ വിദ്യാർത്ഥി മെഡിക്കൽ കോളേജിലെത്തും.
20-70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് വാക്സിൻ സൂക്ഷിക്കുക.
ഇന്ത്യയിൽ ഈ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിക്ക് ഡി.സി.ജി.ഐ അനുമതി നൽകിയിരുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ടാണ് മെഡികോളേജ് ദൗത്യം ഏറ്റെടുത്തത്.
അടുത്ത ആഴ്ച വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ആർ.ബി. കമൽ വ്യക്തമാക്കി. പരീക്ഷണ വാക്സിൻ സ്വീകരിക്കാൻ 180 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊവിഡിനെ പ്രതിരോധിക്കാൻ സ്പുട്നിക് 5 വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.
വോളണ്ടിയർമാർക്ക് നൽകുന്ന വാക്‌സിന്റെ ഡോസ് ഗവേഷണ വിഭാഗം മേധാവി സൗരഭ് അഗർവാളാണ് തീരുമാനിക്കുക.
21 ദിവസത്തെ ഇടവേളയിൽ രണ്ടോ മൂന്നോ തവണ വാക്സിൻ നൽകും. ഏഴ് മാസത്തോളം നിരീക്ഷിക്കും. ശേഷം പരീക്ഷണ ഫലം നിർണ്ണയിക്കും.
വാക്സിൻ ഇന്ത്യയിൽ
ട്രക്കിൽ നിന്ന് സ്‌പുട്നിക് 5 വാക്സിനുകളുടെ കണ്ടെയ്നർ ഇറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ വ്യാജമല്ലെന്നും സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിൽ എത്തിയെന്നും ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു.