തണുപ്പുകാലം എത്തി. അതോടൊപ്പം തന്നെ മഞ്ഞുകാലരോഗങ്ങളുടെയും കാലമായി. അല്ലെങ്കിൽ തന്നെ കൊവിഡിനെപ്പേടിച്ച് ഒരു ജലദോഷപ്പനി വന്നാൽ പോലും ടെൻഷനാണ്. ഈ മാറിയ കാലാവസ്ഥയെ നേരിടാൻ നമ്മുടെ ശരീരവും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് നാം മനസിലാക്കണം. അതിന് ധാരാളം ഊർജവും പോഷകങ്ങളും ശരീരത്തിന് ആവശ്യമാണ്. അതിനാൽ നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചും, ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കൾ തണുപ്പു കാലത്ത് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
മഞ്ഞുകാലത്ത് ശൈത്യവും രൂക്ഷതയും പ്രകൃതിയിൽ കൂടുന്നതിനാലാണ് ശരീരത്തിലും അവയുടെ ആധിക്യം ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായാണ് ചുണ്ട്, കാൽപ്പാദങ്ങൾ ഇവയിൽ വിണ്ടുകീറൽ സംഭവിക്കുന്നതും ചർമം വരളുന്നതും. ഇത് പ്രത്യക്ഷത്തിൽ കാണപ്പെടുന്ന മാറ്റങ്ങളാണ്. ആന്തരികമായും ഇതുപ്രകാരമുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഏതൊരു കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി ഉണ്ട്. തണുപ്പുകാലത്ത് നമ്മുടെ ശരീരം പോഷണത്തിനൊപ്പം ചൂടും ആഗ്രഹിക്കുന്നു. ഒപ്പം തന്നെ പനി, ചുമ, ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടൽ, ദഹനക്കുറവ്, ഛർദിൽ, വാതം എന്നിങ്ങനെയുള്ള രോഗങ്ങളെ അതിജീവിക്കുകയും അകറ്റി നിറുത്തുകയും വേണം. നമുക്ക് ഏറ്റവും കൂടുതൽ വിശപ്പ് തോന്നുന്ന കാലാവസ്ഥയും തണുപ്പുകാലമാണ്. ദഹനവ്യവസ്ഥ നന്നായി പ്രവർത്തിക്കുകയും പോഷകങ്ങൾ ശരിയായി ശരീരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഈ കാലത്ത്, ആഹാരരീതികളിലും ജീവിതരീതികളിലും എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം.
പ്രതിരോധിക്കാം
ആദ്യമായി, ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തുന്നതിൽ ശ്രദ്ധയുണ്ടാകണം. അതായത് ഫ്രഷ് ആയതും ശുദ്ധമായതും പ്രകൃതിദത്തവും എളുപ്പം ദഹിക്കുന്നതുമായ വസ്തുക്കൾ ഈ വിഭാഗത്തിൽപ്പെടുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ, നട്സ്, മുഴുധാന്യങ്ങൾ, പയർ പരിപ്പു വർഗങ്ങൾ, പാൽ, പാലുത്പന്നങ്ങൾ, നെയ്യ്, ഒപ്പം ചില സുഗന്ധവസ്തുക്കൾക്കും ഈ കഴിവുണ്ട്. പച്ചക്കറികളും പഴങ്ങളും തിരഞ്ഞെടുക്കുമ്പോൾ കടുത്ത നിറങ്ങളായ പർപ്പിൾ, ചുവപ്പ്, ഓറഞ്ച് എന്നിവ ഉൾപ്പെടുത്തുക. ധാരാളം ആന്റി ഓക്സിഡന്റുകളും വൈറ്റമിനും നിറഞ്ഞ ഇവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഊർജം നിലനിർത്താനും സഹായിക്കുന്നു. ഉദാ: തക്കാളി, നാരങ്ങ, കാബേജ്, മത്തൻ, ചുവന്ന ചീര.
പനി, ജലദോഷം മറ്റ് പകർച്ചവ്യാധികൾ എന്നിവയ്ക്ക് കാരണമായ വൈറസുകളെ നേരിടാനുള്ള രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സിങ്കിന് കഴിവുണ്ട്. കടൽവിഭവങ്ങൾ, ചീര, പയറുവർഗങ്ങൾ, നട്സ് എന്നിവ ഉത്തമ സ്രോതസുകളാണ്. രോഗങ്ങളെ പ്രതിരോധിക്കാനും, ശരീരക്ഷീണം അകറ്റാനും അയൺ സഹായിക്കുന്നു. റെഡ് മീറ്റ്, പരിപ്പ്, കടല, ഇലക്കറികൾ എന്നിവ അയൺ ഉറപ്പുവരുത്തുന്നു. രോഗ പ്രതിരോധശക്തിയുടെ മുഖ്യഘടകമായ വൈറ്റമിൻ ബി, സാൽമൺ, പാൽ, മുട്ട, ചീസ് എന്നിവയിൽ കാണപ്പെടുന്നു. മണ്ണിനടിയിൽ കാണുന്ന എല്ലാതരം കിഴങ്ങുവർഗങ്ങളും ശരീരതാപനില ഉയർത്താൻ സഹായിക്കുന്നവയാണ്. ഉദാ: ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ എന്നിവ. ധാന്യങ്ങളായ ഗോതമ്പ്, ബ്രൗൺ റൈസ് എന്നിവയും ദഹന സമയത്ത് ശരീരതാപനില ഉയർത്തുന്നു.
കരുതൽ പാനീയങ്ങളിലും
തണുപ്പുകാലത്ത് വൈകുന്നേരങ്ങളിൽ തണുത്തപാനീയങ്ങളായ ജ്യൂസുകൾ, മിൽക് ഷേക്ക്, കോള എന്നിവ ഒഴിവാക്കി അത്താഴത്തിനു മുമ്പ് ചിക്കൻ സൂപ്പോ, വെജിറ്റബിൾ സൂപ്പോ കഴിക്കുന്നത് ശരീരത്തിന് ഉന്മേഷം പ്രദാനം ചെയ്യുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കി പ്രകൃതിദത്ത മധുരകലവറകളായ തേൻ, ശർക്കര, പനംകൽക്കണ്ടം, സ്വീറ്റ് കോൺ, ഫ്രൂട്ട് ജ്യൂസ് എന്നിവ ഉപയോഗിക്കുക. തണുപ്പു കാലത്ത് ശരീരത്തിന് നല്ലയളവിൽ ശുദ്ധജലം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക. ജലത്തിനൊപ്പം തന്നെ ചുക്കുകാപ്പി, ഗ്രീൻ ടീ, ഫ്ളേവേർഡ് ടീ (ജിഞ്ചർ, പുതിന, ഹണി), പെപ്പർ ടെർമറിക് മിൽക്ക് എന്നിവയും പരീക്ഷിക്കാവുന്നതാണ്. ഉണക്കമുന്തിരി, ഈന്തപ്പഴം, പപ്പായ, പൈനാപ്പിൾ എന്നിവയും തണുപ്പുകാലത്തിന് അനുയോജ്യമായ പഴങ്ങളാണ്. പാചകത്തിന് ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉലുവ, കുരുമുളക്, ചുവന്നുള്ളി എന്നിവയുടെ ഉപയോഗം ജലദോഷം, ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങളുടെ കാഠിന്യം കുറയ്ക്കും.
വ്യായാമം
ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം വ്യായാമവും വളരെ പ്രധാനമാണ്. തണുപ്പുകാലമാണെങ്കിലും ശരീരത്തിന് സൂര്യ പ്രകാശത്തിന്റെ ലഭ്യത വൈറ്റമിൻ ഡി ഉറപ്പുവരുത്തുന്നു. യോഗ ശീലിക്കുന്നതും ശ്വസനപ്രക്രിയ സുഗമമാക്കുന്നു. അരമണിക്കൂർ വ്യായാമവും ഏഴുമണിക്കൂറെങ്കിലും സുഖനിദ്രയും ഉറപ്പുവരുത്തുക.
സ്പെഷ്യൽ ടിപ്സ്
വരണ്ട ചർമ്മത്തെ അവഗണിക്കേണ്ട
തണുപ്പു കാലത്തെ പ്രധാന ആരോഗ്യ പ്രശ്നമാണ് വരണ്ട ചർമം. ഊഷ്മാവിലുണ്ടാകുന്ന കുറവും അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതും വരണ്ട ചർമത്തിന് ഇടയാക്കുന്നു. നിങ്ങളുടെ ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്ന സംരക്ഷണ കൊഴുപ്പ് ഇല്ലെങ്കിൽ ഈർപ്പം നഷ്ടപ്പെടുകയും ചർമം വരണ്ടതാവുകയും ചെയ്യും. തണുപ്പു കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതിനാൽ ഇതിന്റെ തീവ്രത അതിരൂക്ഷമാകും.വരണ്ട ചർമം ചികിത്സിക്കുന്നതിന്റെ ആദ്യപടി ചർമവരൾച്ചക്കുള്ള കാരണം മനസിലാക്കുകയാണ്. തണുത്ത അന്തരീക്ഷം വരണ്ട ചർമത്തിനുള്ള സാധാരണ കാരണമാണ്. നിങ്ങളുടെ ചർമ്മം വളരെയധികം വരണ്ടതാണെങ്കിൽ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രമേ കാരണം ഉറപ്പിക്കാനാകൂ.