v-murali

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെന്നത് പോലെ , കിഫ്ബിയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയ സി.എ.ജി റിപ്പോർട്ടിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തെഴുതാമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു..

ജനങ്ങൾ നൽകുന്ന നികുതിപ്പണം ശരിയായ രീതിയിലാണോ ചെലവഴിച്ചതെന്ന് നോക്കേണ്ടത് സി.എ.ജിയുടെ ഉത്തരവാദിത്വമാണ്. അത് തടയാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. നടപടികൾ പാലിക്കാത്തതും രാജ്യാന്തര അഴിമതി നടന്നതുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിക്ക് ആവശ്യപ്പെടാം..

സ്വർണക്കടത്ത് കേസന്വേഷിക്കുന്ന ഇ.ഡിക്കെതിരെ അവകാശ ലംഘന നോട്ടീസയച്ച നിയമസഭാ സ്‌പീക്കർ ഉറക്കമാണോ?..കിഫ്ബിയുടെ പ്രവർത്തനം വിലയിരുത്തി സി.എ.ജി സർക്കാരിന് നൽകിയ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്‌ക്കുന്നതിന് മുൻപ് പരസ്യപ്പെടുത്തിയത് അവകാശ ലംഘനമല്ലേ. വിധേയത്വത്തിന്റെ പേരിലാണോ ധനമന്ത്രിക്കെതിരെ നോട്ടീസയയ്‌ക്കാൻ സ്‌പീക്കർ മുതിരാത്തത്.. കള്ളപ്പണ ഇടപാടിന് മറയിടാൻ സി.പി.എം സ്വാധീനമുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡറില്ലാതെ കരാർ നൽകുന്നത് കിഫ്ബി വഴിയാണ്. സി.എ.ജി റിപ്പോർട്ട് കേന്ദ്ര വിരുദ്ധ സമരങ്ങൾക്ക് ഇന്ധനമാക്കാതെ, വസ്തുതകൾക്ക് മറുപടി നൽകണം.

കിഫ്ബി വിവാദത്തിന് പിന്നിൽ ആർ.എസ്.എസ് നേതാവ് രാംമാധവിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിന് ബുദ്ധിഭ്രമം സംഭവിച്ചതാണോയെന്നും മുരളീധരൻ ചോദിച്ചു.