ന്യൂഡൽഹി: ഈമാസം അവസാനം തുടങ്ങേണ്ട പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഉപേക്ഷിക്കുമെന്ന് സൂചന. പകരം ജനുവരി 30ന് തുടങ്ങുന്ന ബഡ്ജറ്റ് സമ്മേളനത്തിനൊപ്പം നടത്താനാണ് ആലോചന. ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്.
നവംബറിന് പകരം ഡിസംബറിൽ തുടങ്ങി ജനുവരി ആദ്യവാരം അവസാനിക്കുന്ന വിധത്തിൽ ശൈത്യകാല സമ്മേളനം നടത്താനും ആലോചിച്ചിരുന്നു. എന്നാൽ അന്തരീക്ഷ മലിനീകരണത്തിനും ശൈത്യത്തിനുമൊപ്പം ഡൽഹിയിൽ കൊവിഡ് വ്യാപനം കൂടിയതോടെ തീരുമാനം മാറ്റി. ദീപാവലിയോടനുബന്ധിച്ച് ഡൽഹി മാർക്കറ്റുകളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതുമൂലം രോഗവ്യാപനം കൂടിയ തോതിൽ നിലനിൽക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പാർലമെന്റിന്റെ വർഷകാല സമ്മേളനം സെപ്തംബറിലാണ് നടന്നത്. സെപ്തംബർ 14മുതൽ ഒക്ടോബർ ഒന്നുവരെ നടത്തേണ്ടിയിരുന്ന സമ്മേളനം എംപിമാർക്കും കേന്ദ്രമന്ത്രിമാർക്കും കൊവിഡ് പിടിപെട്ടതിനെ തുടർന്ന് പെട്ടെന്നു പിരിയേണ്ടി വന്നു. എൻ.ഡി.എ സർക്കാരിന്റെ പതിവനുസരിച്ച് ജനുവരി 30ന് ബഡ്ജറ്റ് സമ്മേളനം ആരംഭിക്കുകയും ഫെബ്രുവരി ഒന്നിന് ബഡ്ജറ്റ് അവതരിപ്പിക്കുകയും ചെയ്യും.