ന്യൂഡൽഹി:ക്രിമിനൽ കേസുകളിൽ വിചാരണനേരിടുന്ന ജനപ്രതിനിധികളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി തള്ളി. പാർലമെന്റിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണിതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എൽ. നാഗേശ്വര റാവു അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ക്രിമിനൽ പശ്ചാത്തലമുള്ളവരെ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ക്രിമിനൽ ക്കേസിൽ വിചാരണ നേരിടുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനാവില്ലെന്ന് 2018 ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചിരുന്നു.