ചൈനയിലെ വുഹാനിൽ കൊവിഡ് ലക്ഷണങ്ങളുമായി ആദ്യ രോഗിയെ കണ്ടെത്തിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു... ലോകം-5,51,03,041 കേസുകൾ, 13,29,127 മരണം.
ഇന്ത്യയ്ക്ക് ആശ്വസിക്കാറായിട്ടില്ല
- ഡോ.പ്രവീൺ പ്രദീപ്,
എപ്പിഡെമോളജിസ്റ്റ്, എയിംസ് ,ഡൽഹി
പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ കൊവിഡ് ഭീഷണി ഒഴിഞ്ഞുവെന്ന് ആശ്വസിക്കാറായിട്ടില്ല. ഏത് സംഭവവും വീണ്ടും രോഗവ്യാപനത്തിലേക്കും മറ്റൊരു പാരമ്യത്തിലേക്കും നയിച്ചേക്കാം. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപനം നമുക്ക് മുൻപേ ആരംഭിച്ചതാണ്. അമേരിക്ക രണ്ടുതവണ പാരമ്യത്തിലെത്തി. യൂറോപ്പ് രണ്ടാംഘട്ട പാരമ്യത്തിലാണ്. യു.കെ, അയർലൻഡ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ വീണ്ടും രോഗികളുടെ എണ്ണം ഉയരുകയും രണ്ടാം ലോക് ഡൗണിലേക്ക് പോയേക്കും എന്ന സാഹചര്യവുമാണ്.
ഇന്ത്യയിൽ വളരെ വൈകിയാണ് കൊവിഡ് വ്യാപനം ആരംഭിച്ചത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയവർക്ക് കേരളത്തിൽ രോഗം സ്ഥിരീകരിച്ച ശേഷം ഇന്ത്യയൊട്ടാകെ ബാധിച്ച് തുടങ്ങിയത് മാർച്ചോടെയാണ്. യൂറോപിലെ വ്യാപനമാണ് ഇന്ത്യയെ പ്രധാനമായും ബാധിച്ചത്. മുംബയ്, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലും അവയോട് ചുറ്റിപ്പറ്റിയുള്ള ഉപഗ്രഹനഗരങ്ങളിലുമായിരുന്നു തുടക്കത്തിൽ രോഗബാധയുണ്ടായത്.
ഇപ്പോൾ ഇന്ത്യയിൽ കൊവിഡ് പാരമ്യത്തിലെത്തിയ ശേഷം പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആകെ രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതാണെങ്കിലും ഉയർന്ന രോഗമുക്തി ഇന്ത്യയിലാണ്. മറ്റുപലരാജ്യങ്ങളെയും അപേക്ഷിച്ച് മരണനിരക്കും ഗുരുതരാവസ്ഥയും കുറവാണ്. ഇപ്പോഴും നമ്മുടെ ഗ്രാമപ്രദേശങ്ങളിലും ചെറുകിട നഗരങ്ങളിലും രൂക്ഷമായ വ്യാപനമില്ല. ഇത് ഏറെ അനുകൂലമാണ്.
ഇന്ത്യയിൽ രണ്ടാംഘട്ട
വ്യാപനം എപ്പോൾ
രാജ്യത്ത് കൊവിഡിന്റെ പാരമ്യം പൂർണമായി എന്നുപറയാറായിട്ടില്ല. ഉദാഹരണത്തിന് ഡൽഹി. ജൂലായിൽ പാരമ്യത്തിലെത്തുകയും ആഗസ്റ്റിൽ രോഗികളുടെ എണ്ണം വളരെ കുറയുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പ്രതിദിന രോഗികൾ ഏഴായിരം കടന്നിട്ടുണ്ട് -ആദ്യ ഘട്ടത്തെക്കാൾ കൂടുതൽ. മറ്റുപല നഗരങ്ങളിലും കൊവിഡ് കേസുകൾ വീണ്ടുമുയരുകയാണ്. നമ്മുടെ ഉത്സവസീസണുകളും കാലാവസ്ഥയുമായി വൈറസിന് നേരിട്ട് ബന്ധമില്ലെങ്കിലും ശൈത്യകാലവും കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുണ്ട്. ദീപാവലി സമയത്ത് ആൾക്കാരുടെ കൂട്ടായ്മകൾ കൂടുതലായി ഉണ്ടായി. ഉത്സവസമയങ്ങളിൽ മാർക്കറ്റുകളിൽ വൻ തിരക്കാണ്. രണ്ട് മൂന്നാഴ്ച കൂടി കഴിഞ്ഞാലേഇതിന്റെ യഥാർത്ഥ ആഘാതം എന്താണെന്ന് അറിയാൻ കഴിയൂ. ഇന്ത്യയിൽ രണ്ടാംഘട്ട പാരമ്യത്തെക്കുറിച്ച് ജനുവരി, ഫെബ്രുവരിയൊക്കെ കഴിഞ്ഞുമാത്രമേ പറയാനാകൂ. ഇപ്പോഴും കൊവിഡ് മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ല.
റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾക്കനുസരിച്ചുള്ള മരണവും ഗുരുതരാവസ്ഥയും ഇന്ത്യയിലില്ല എന്നതാണ് അനുകൂലാവസ്ഥ.
ലോക്ക് ഡൗൺ മരുന്നല്ല
കൊവിഡിനെ തടയാൻ ലോക്ക് ഡൗണിനാകില്ല . രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കാൻ മാത്രമേ സഹായിക്കൂ. ഒറ്റയടിക്ക് ഒരുപാട് കേസുകൾ വന്നുകയറി ആരോഗ്യസംവിധാനത്തെ തകർക്കുന്ന സാഹചര്യം ഒഴിവായിക്കിട്ടും. വാക്സിൻ വഴി ജനങ്ങളുടെ പ്രതിരോധ ശേഷി ഉയർത്തിയോ, അല്ലെങ്കിൽ വൈറസിന്റെ വ്യാപന ശേഷി സ്വാഭാവികമായി കുറയുകയോ ചെയ്താലെ ഈ മഹാമാരിയെ പിടിച്ചുകെട്ടാനാകൂ. സ്വയം മുൻകരുതലെടുത്ത് ഓരോ വ്യക്തികളും നീങ്ങുക എന്നതാണ് വാക്സിൻ വരും വരെയുള്ള പോംവഴി.
വാക്സിൻ സംഭരണം വെല്ലുവിളി
ഇന്ത്യയിൽ വാക്സിൻ വികസനത്തിൽ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്. തദ്ദേശീയമായി തന്നെ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, കൂടാതെ ഓക്സ് ഫോർഡിന്റെ കൊവിഷീൽഡ് വാക്സിൻ തുടങ്ങി കുറച്ചു വാക്സിനുകൾ അന്തിമഘട്ട പരീക്ഷണത്തിലാണ്. റഷ്യയുടെ സ്ഫുട്നിക്ക് വാക്സിനും ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം തുടങ്ങുകയാണ്. വാക്സിൻ പരീക്ഷണങ്ങളുടെ ഫലം ലഭിക്കാൻ ജനുവരി കഴിയും.
വാക്സിൻ വിജയകരമായി എന്നുള്ളതുകൊണ്ട് എല്ലാവരിലേക്കും പെട്ടെന്ന് എത്തണമെന്നില്ല. വിതരണം വലിയ പ്രശ്നമാണ്. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. ഇത്രയും താഴ്ന്ന താപനിലയിൽ വാക്സിൻ സൂക്ഷിക്കാനുള്ള സംവിധാനം പല നഗരങ്ങളിൽപോലുമില്ല. അത്തരമൊരു കോൾഡ് ചെയിൻ ശൃംഖലയുണ്ടാക്കി എല്ലായിടത്തും വാക്സിൻ എത്തിക്കുക വലിയ വെല്ലുവിളിയാണ്. മാത്രമല്ല മിതമായ ചെലവിലുള്ള വാക്സിനേ നമ്മുടെ രാജ്യത്തിന് താങ്ങാനാവൂ.