ന്യൂഡൽഹി: തുടർച്ചയായി നാലാം തവണയും ബീഹാറിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാർ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനവും സ്പീക്കർ സ്ഥാനവും മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് നൽകി.
ഉപമുഖ്യമന്ത്രിമാരായി ബി.ജെ.പി നിയമസഭാകക്ഷി നേതാവ് താർകിഷോർ പ്രസാദും ഡെപ്യൂട്ടി നേതാവ് രേണുദേവിയും സത്യപ്രതിജ്ഞ ചെയ്തു. 2005 മുതൽ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദിയെ മാറ്റിയാണ് രണ്ട് ഉപമുഖ്യമന്ത്രിമാരെ ബി.ജെ.പി നിയോഗിച്ചത്.
സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവും നിതീഷിന്റെ വിശ്വസ്തനുമാണ് സുശീൽകുമാർ മോദി. അദ്ദേഹത്തിന് കേന്ദ്രമന്ത്രിസ്ഥാനം നൽകിയേക്കും. ഭരിക്കാൻ സ്വതന്ത്രൻ അടക്കം നാലുപേരുടെ ഭൂരിപക്ഷം മാത്രം ഉണ്ടായിരിക്കേ, സ്പീക്കർ പദവിയിൽ ബി.ജെ.പി പിടിമുറുക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭയിൽ സ്പീക്കർ സ്ഥാനം ജെ.ഡി.യുവിനായിരുന്നു. റോഡ് നിർമ്മാണ മന്ത്രിയായിരുന്ന ബി.ജെ.പിയുടെ നന്ദ്കിഷോർ യാദവ്പുതിയ സ്പീക്കറാവും.
14 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ജെ.ഡി.യുവിൽ നിന്ന് മുഖ്യമന്ത്രിയെ കൂടാതെ നാലുപേരും ബി.ജെ.പിയിൽ നിന്ന് ഉപമുഖ്യമന്ത്രിമാരെ കൂടാതെ അഞ്ചുപേരുമാണ് മന്ത്രിമാരായത്. സഖ്യകക്ഷിയായ എച്ച്.എ.എമ്മിൽ നിന്ന് മുൻമുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ്കുമാർ സുമൻ മന്ത്രിയായി. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയും മന്ത്രിയായി. ഇദ്ദേഹത്തെ എം.എൽ.സിയാക്കും. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലികൊടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യപ്രതിപക്ഷമായ ആർ.ജെ.ഡിയുടെ നേതാവ് തേജസ്വി യാദവ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു. നിതീഷ് വിരുദ്ധനായ എൽ.ജെ.പി പ്രസിഡന്റ് ചിരാഗ് പസ്വാൻ ചടങ്ങിനെത്തിയിരുന്നു.
സ്പീക്കറായിരുന്ന ജെ.ഡി.യു നേതാവ് വിജയ് കുമാർ ചൗധരിക്ക് മന്ത്രിസ്ഥാനം നൽകി. ഷീലകുമാരി, അശോക് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, മേവലാൽ ചൗധരി എന്നിവരാണ് ജെ.ഡി.യുവിന്റെ മറ്റു മന്ത്രിമാർ.
മംഗൾ പാണ്ഡെ, രാം സൂറത്ത് കുമാർ, ജിവേഷ്കുമാർ, രാംപ്രീത് പാസ്വാൻ, അമരേന്ദ്രപ്രതാപ് സിംഗ് എന്നിവരാണ് ബി.ജെ.പിയുടെ മന്ത്രിമാർ.
നാലു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം
സ്വതന്ത്രൻ ഉൾപ്പെടെ 126 പേരുടെ പിന്തുണമാത്രമാണ് സർക്കാരിനുള്ളത്. കേവലഭൂരിപക്ഷത്തെക്കാൾ നാലു സീറ്റ് അധികം. എൻ.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് 74 സീറ്റാണ് ലഭിച്ചത്. ജെ.ഡി.യു 43 സീറ്റിലൊതുങ്ങി.
2005 നവംബർ മുതൽ തുടർച്ചയായി അധികാരത്തിലുണ്ട് നിതീഷ് കുമാർ. 2000 ൽ ആദ്യം മുഖ്യമന്ത്രിയായെങ്കിലും ഒരാഴ്ച മാത്രമേ സർക്കാർ നീണ്ടുള്ളൂ.
സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിൽ കൂടുതൽ കാലം തുടർന്നവരിൽ രണ്ടാമനാണ് 69കാരനായ നിതീഷ്. 14 വർഷവും മൂന്നുമാസവും. ഒന്നാമത് ബീഹാറിലെ ആദ്യ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിംഗാണ്. 1946 ഏപ്രിൽ മുതൽ 1961 ജനുവരിവരെ അദ്ദേഹം മുഖ്യമന്ത്രി പദം വഹിച്ചു.14 വർഷവും 10 മാസവും.