ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പിൽ മഹാമുണണിയിലെ സഖ്യകക്ഷികളുടെ കുറ്റപ്പെടുത്തലിന് പിന്നാലെ പാർട്ടിയുടെ മോശം പ്രകടനത്തിൽ നേതൃത്വത്തെ പഴിചാരി കോൺഗ്രസ് നേതാക്കളും. പാർട്ടി ഒരു ബദൽ ശക്തിയല്ലെന്ന് ജനങ്ങൾ തിരച്ചറിഞ്ഞെന്നും സംഘടനാ തലത്തിൽ മാറ്റം വരുത്താതെ രക്ഷയില്ലെന്നും മുൻപും നേതൃത്വത്തെ വിമർശിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കപിൽ സിബൽ പറഞ്ഞു. പാർട്ടി ആത്മപരിശോധന നടത്തണമെന്ന് മുതിർന്ന നേതാവ് പി.ചിദംബരത്തിന്റെ മകനും എം.പിയുമായ കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു.
ബീഹാറിലെ മോശം പ്രകടനം സംബന്ധിച്ച് നേതൃത്വം പ്രതികരിക്കാൻ വൈകുന്നതെന്തെന്ന് ചോദിച്ചുകൊണ്ടാണ് കപിൽ സിബൽ നീരസം പരസ്യമാക്കിയത്. എല്ലാം നന്നായി നടക്കുന്നുവെന്ന പതിവ് രീതിയാണ് കോൺഗ്രസ് നേതൃത്വത്തിനെന്നും നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബീഹാറിലും ഉപതിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും പാർട്ടി ഒരു ബദൽ ശക്തിയേ ആയിരുന്നില്ല. ബീഹാറിൽ ആർ.ജെ.ഡിയാണ് ബദൽ. ഗുജറാത്തിലെ അനുകൂല സാഹചര്യങ്ങളും മുതലാക്കാനായില്ല. യു.പിയിൽ രണ്ടുശതമാനം വോട്ടാണ് ലഭിച്ചത്.
പിഴവ് എന്താണെന്ന് അറിഞ്ഞിട്ടും തിരുത്താൻ തയ്യാറാവാത്തതാണ് പ്രശ്നം. നോമിനേഷനിലൂടെ വരുന്നവർ നേതൃത്വത്തിന്റെ കുറവുകൾ ചൂണ്ടിക്കാട്ടാൻ ധൈര്യപ്പെടാത്തതാണ് പാർട്ടിയുടെ പതനത്തിന് കാരണം. വിമർശനങ്ങൾ ചർച്ച ചെയ്യാൻ പാർട്ടിക്കുള്ളിൽ വേദി ഇല്ലാത്തതിനാലാണ് തനിക്ക് പരസ്യമായി പ്രതികരിക്കേണ്ടി വരുന്നത്. എങ്കിലും എന്നും കോൺഗ്രസുകാരനായി തുടരും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. മുഖ്യധാരാ മാദ്ധ്യമങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിലാണ്. അതിനാൽ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ജനങ്ങളിലേക്കെത്തണം. ജനങ്ങൾ പാർട്ടിയിലേക്ക് വരുമെന്ന് കരുതരുത്. പാർട്ടിയിലെ അനുഭവസ്ഥരുടെ വാക്കുകൾ ശ്രവിക്കണമെന്നും സിബൽ പറഞ്ഞു.
ആത്മപരിശോധനയ്ക്കുള്ള സമയമായെന്നാണ് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തത്. പാർട്ടിക്കുള്ളിൽ സ്വയം നിരൂപണം നടത്തി തോൽവിയെക്കുറിച്ച് അവലോകനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീഹാർ സീറ്റ് ചർച്ചകളിലെ കാലതാമസം തിരിച്ചടിയായെന്ന് മുതിർന്ന നേതാവും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള താരിഖ് അൻവർ ചൂണ്ടിക്കാട്ടിയിരുന്നു.
ബീഹാർ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാതെ രാഹുൽ ഗാന്ധി സിംലയിൽ പിക്നിക് നടത്തുകയായിരുന്നുവെന്ന് ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തീവാരി ആരോപിച്ചിരുന്നു.