ന്യൂഡൽഹി: ഹാഥ്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യു.പി സർക്കാരിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കാപ്പന്റെ മോചനത്തിനായി പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. എഫ്.ഐ.ആറിൽ ഒരു ഗുരുതര കുറ്റവും ആരോപിക്കപ്പെടാതെ ഒരു മാദ്ധ്യമ പ്രവർത്തകൻ ജയിലിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും പത്ര പ്രവർത്തക യൂണിയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. സിദ്ദിഖിനെ കാണാൻ ജയിൽ അധികൃതർ അഭിഭാഷകനെ അനുവദിക്കുന്നില്ല. അനുമതി തേടി കീഴ്ക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ലെന്നും സിബൽ കോടതിയെ അറിയിച്ചു. തുടർന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.