milind-soman

സമൂഹമാദ്ധ്യമ ഇടപെടലുകൾ ശക്തമായ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതും ചർച്ച ചെയ്യുന്നതുമായ ഒന്നാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. കാലമെത്രെ വികസിച്ചാലും സാങ്കേതിക വിദ്യകൾ മനുഷ്യനെ നിയന്ത്രിച്ചാലും ചില ചട്ടങ്ങൾക്കും വിശ്വാസങ്ങളും ആചാരങ്ങൾക്കും വിധേയമാണ് ജീവിതം. അവയെ മറികടക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളിൽ ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടും, ചോദ്യം ചെയ്യപ്പെടും.

ഗോവൻ കടപ്പുറത്ത് നഗ്‌നതാ പ്രദർശനം എന്ന് കേട്ടാൽ പൊതുവെ ആരും നെറ്റി ചുളിക്കാനിടയില്ല. അവിടെ അതല്ലാതെ എന്ത് എന്നാകും മറുപടി. പക്ഷേ ഒരാഴ്‌ച മുമ്പ് ഗോവൻ കടൽത്തീരത്ത് ഒരാൾ തന്റെ 55 -ാം പിറന്നാൾ ദിനത്തിൽ നടത്തിയ ഓട്ടം രാജ്യം മുഴുവൻ ചർച്ചയായി. വെറും ഓട്ടമായിരുന്നില്ല. തുണിയില്ലാത്ത ഓട്ടം. അദ്ദേഹത്തിന്റെ ഭാര്യ പകർത്തിയ കടപ്പുറത്തെ നൂലുബന്ധമില്ലാത്ത ഓട്ടത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോളാണ് ജനമറിയുന്നതും വിവാദമാകുന്നതും.

ഈ ഓട്ടം നടത്തിയ വ്യക്തി പ്രശസ്‌തനാണ്. സൂപ്പർ മോഡലും ചലച്ചിത്ര താരവുമായ മിലിന്ദ്സോമൻ. പുതിയ തലമുറയ്‌ക്ക് അത്ര പരിചയം കാണില്ല. എന്നാൽ ആളിന്റെ പഴയ ചരിത്രം അറിയുന്നവർ ഞെട്ടില്ല. കാരണം പണ്ട് ഇഷ്‌ടൻ ഇതിനെക്കാൾ വലിയ പൊല്ലാപ്പുണ്ടാക്കിയിട്ടുണ്ട്. അതൊരു പരസ്യമായിരുന്നു. കൃത്യമായി പറഞ്ഞാൽ കാൽനൂറ്റാണ്ട് മുൻപ് 1995ൽ. മുൻ വിശ്വസുന്ദരി റണ്ണർ അപ്പും മോഡലുമായ മധു സാപ്രെയ്ക്കൊപ്പം ടഫ് ഷൂസ് എന്ന ഉത്പന്നത്തിന്റെ പരസ്യത്തിൽ തുണിയുടുക്കാതെ പ്രത്യക്ഷപ്പെട്ടതാണ് അന്ന് വിവാദമായത്. പരസ്യത്തിൽ മോഡലുകൾ ആകെക്കുടി ധരിച്ചിരുന്നത് ടഫ് ഷൂസ് മാത്രമായിരുന്നു. പരസ്യസംവിധായകന്റെ ഭാവനാ വിലാസം അതിരു കടന്നതിന്റെ ഫലമായി ഒരു പെരുമ്പാമ്പിനെ സംഘടിപ്പിച്ച് അവരുടെ കഴുത്തിലുമണിയിച്ചു.

അശ്ളീല പ്രദർശനത്തിന് രണ്ടുപേർക്കുമെതിരെ മുംബയ് പൊലീസ് കേസെടുത്തു. പെരുമ്പാമ്പിനെ അനധികൃതമായി ഉപയോഗിച്ചതിന് വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരമുള്ള കേസ് വേറെയും. പരസ്യം പ്രസിദ്ധീകരിച്ച രണ്ട് മാഗസിനുകളും നേരിട്ടു നിയമ നടപടി. 14 വർഷം നീണ്ട കേസിൽ മോഡലുകളെ കോടതി വെറുതെ വിട്ടിരുന്നു.

1995ൽ ഇറങ്ങിയ അലിഷാ ചിനായിയുടെ പ്രശസ്‌തമായ മെയ്ഡ് ഇൻ ഇന്ത്യാ എന്ന വീഡിയോ ആൽബത്തിലൂടെ അരങ്ങേറ്റം കുറിച്ച് നിരവധി ബോളിവുഡ്, ഹോളിവുഡ് സിനിമകളിലും ടിവി സീരിയലുകളിലും അഭിനേതാവായി തിളങ്ങിയെങ്കിലും ഇന്നും പലരും മിലിന്ദ് സോമനെ ഓർക്കുക അന്നത്തെ പരസ്യത്തിന്റെ പേരിലാണ്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഇൻസ്‌റ്റാഗ്രാമിൽ പുതിയ തലമുറയ്‌ക്കായി അദ്ദേഹം പഴയ പരസ്യചിത്രം പങ്കുവച്ചിരുന്നു.

ഇനി ഗോവയിലേക്ക് തിരിച്ചു വരാം. മൂടിവയ‌്ക്കേണ്ടത് പ്രദർശന വസ്‌തുവാക്കിയാൽ നമ്മുടെ നാട്ടിൽ പ്രശ്‌നം തന്നെയാണ്. അതിപ്പോൾ ഗോവയായാലും ഗുജറാത്തായാലും നിയമം ഒന്നുതന്നെ. ഗോവാ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പരാതി പ്രകാരം മിലിന്ദ് സോമനെതിരെ കേസെടുത്തിട്ടുണ്ട്. മധുസാപ്രെയ്ക്കൊപ്പമുള്ള പരസ്യത്തോളം വരില്ലെങ്കിലും അദ്ദേഹത്തിന്റെ ഓട്ടം സാംസ്‌കാരിക തല ചർച്ചകൾക്കും വഴി തുറന്നു. സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ മുതലെടുത്ത് പ്രശസ്തി നേടാനും മറ്റുലക്ഷ്യങ്ങൾ മുന്നിൽ കണ്ടും ഇത്തരം വഴി തേടുന്നവരുമുണ്ട്. അടുത്ത കാലത്ത് നമ്മുടെ നാട്ടിലുമുണ്ടായല്ലോ ഒരു 'തണ്ണിമത്തൻ' വിവാദം.

ക്രിയേറ്റിവിറ്റിയെ മറ്റൊരു കണ്ണിലൂടെ കാണരുതെന്ന് വസ്ത്രങ്ങളില്ലാത്ത ചിത്രങ്ങളിലൂടെ പ്രശസ്‌തയായ പൂനം പാണ്ഡെ, പൂജാ ബേഡി തുടങ്ങിയ താരങ്ങൾ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരിൽ കൂടുതലും മോഡലുകളാണ്. 55-ാം വയസിലും തന്റെ ശരീരം ഫിറ്റാണെന്ന് തെളിയിക്കാനാണ് അദ്ദേഹം അതു ചെയ്‌തതെന്ന് പറയുന്ന ആരാധകരുമേറെ.

ഗോവയുടെ 'ഫ്രീ സൊസൈറ്റി ലൈഫ് ' മാറ്റിയെടുക്കാനുള്ള ചില തത്പരകക്ഷികളുടെ നീക്കമാണെന്ന് സംഗീതജ്ഞൻ വരുൺ കാർവല്ലോയെപ്പോലുള്ളവർ സംശയിക്കുന്നു. വിദേശീയർ തുണിയില്ലാതെ കളിച്ചുല്ലസിക്കുന്ന ഗോവൻ ബീച്ചിലെ സംഭവത്തെ സാസ്‌കാരിക തലത്തിലേക്ക് വലിച്ചു കെട്ടുന്നത് ഗൂഢാലോചനയെന്നും വരുൺ. ഒരു പുരുഷൻ തുണിയുടുക്കാതെ ബീച്ചിൽ ഓടുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് കരുതുന്ന അധികൃതർ ഡൽഹി അതിർത്തിയിലെ ഗുരുഗ്രാമിൽ സ്ത്രീകളെ വെടിവച്ചിടുന്ന കുറ്റകൃത്യങ്ങൾ കാണുന്നില്ലേയെന്ന് പ്രശസ്‌ത എഴുത്തുകാരി ശോഭാ ഡേ ചോദിക്കുന്നു. ബീഹാർ തിരഞ്ഞെടുപ്പ് ചൂടും മറ്റുമാകാം, ഓട്ടത്തിന് എന്തുകൊണ്ടോ രാഷ്‌ട്രീയക്കാർ വലിയ പ്രാധാന്യമൊന്നും നൽകിയില്ല.

മിലിന്ദിന്റെ വിവാദമുണ്ടാക്കിയ പഴയ പരസ്യത്തിലേക്ക് വരാം. പഴയ പരസ്യം ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റു ചെയ്തതിനൊപ്പം അദ്ദേഹം നൽകിയ ഒരു കമന്റുണ്ട്. ഇന്നാണ് ഈ പരസ്യം പ്രത്യക്ഷപ്പെടുന്നതെങ്കിൽ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചകൾ എങ്ങനെയാകുമായിരുന്നുവെന്ന്. ഇന്നായിരുന്നെങ്കിൽ കേസിന്റെ വകുപ്പും നടപടികളും കോടതി കയറലുമൊക്കെ പഴയതു പോലെ തന്നെ. എന്നാൽ മാദ്ധ്യമങ്ങളിലെ ആഘോഷങ്ങൾ വഴി 1995ലേതിനെക്കാൾ കരിയർ മൈലേജ് ഉറപ്പ്. പരസ്യത്തെ ചൊല്ലിയുള്ള ചർച്ചകളും വിലയിരുത്തലുകളും ടെലിവിഷനിലെ 9 മണി ചർച്ചയായും ഫേസ്ഗ്രൂപ്പിലെ പോസ്‌റ്റുകളായും വാട്ട്‌സ്ഗ്രൂപ്പുകളിൽ ട്രോളായും കാടുംമേടും കയറി കുതിച്ചേനെ.

വിവാദങ്ങളുണ്ടാക്കുന്ന പരസ്യത്തെക്കുറിച്ച് പറയുമ്പോൾ അടുത്ത കാലത്തുണ്ടായ ഒരു സംഭവം ഓർക്കാതെ വയ്യ. ടാറ്റാ ഗ്രൂപ്പിന് കീഴിലെ പ്രമുഖ ജ്വല്ലറി കമ്പനി അവതരിപ്പിച്ച ഒരു പരസ്യം അതിലെ ഹിന്ദു-മുസ്ളീം കൂടിച്ചേരലിന്റെ പേരിലാണ് വിവാദമായത്. സ്വർണത്തിന്റെ പരിശുദ്ധിയെയും വധുവിനെ മകളെപ്പോലെ കാണണമെന്ന സന്ദേശവുമൊക്കെയായിരുന്നു പരസ്യസംവിധായകന്റെ മനസിൽ. പക്ഷേ പരസ്യസൃഷ്‌ടാക്കളുടെ ക്രിയാത്മകതയ്ക്കപ്പുറം മതസംബന്ധിയായ ചിലതാണ് മറ്റു ചിലരുടെ കണ്ണിൽപ്പെട്ടത്. വിവാദങ്ങളുയരവെ തങ്ങളുടെ സൽപ്പേര് കളങ്കപ്പെടാതിരിക്കാനും സ്ഥാപനങ്ങൾക്കു നേരെ ആക്രമണമുണ്ടാകുന്നത് ഒഴിവാക്കാനുമായി ജ്വല്ലറിക്കാർക്ക് പരസ്യം പിൻവലിക്കേണ്ടി വന്നു.

ഒരു വശത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികനായി ആഗോളതലത്തിൽ മുന്നേറാനുള്ള ശ്രമം. അപ്പോഴും മറുവശത്ത് മാമൂലുകളും വിശ്വാസങ്ങളും മുറുകെപ്പിടിച്ച് തങ്ങളിലേക്കൊതുങ്ങും. മുന്നോട്ടു കുതിക്കാൻ ശ്രമിക്കുന്നവരെ ചങ്ങലക്കിടും. കാലമേറെയുരുണ്ടാലും വിശ്വാസങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും തമ്മിലുള്ള പൊരുത്തക്കേടുകൾ തുടരുമെന്നർത്ഥം.