thushar-vellappally

ന്യൂഡൽഹി: തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബി.ഡി.ജെ.എസ് ഭാരവാഹിപ്പട്ടികയ്‌ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകി. തുഷാർ വെള്ളാപ്പള്ളി(പ്രസിഡന്റ്), എ.ജി. തങ്കപ്പൻ(വൈസ് പ്രസിഡന്റ്), രാജേഷ് നെടുമങ്ങാട്(ജനറൽ സെക്രട്ടറി), അനിരുദ്ധ് കാർത്തികേയൻ(ട്രഷറർ) എന്നിവരടങ്ങിയ പട്ടികയ്‌ക്കാണ് അംഗീകാരം ലഭിച്ചത്. ഔദ്യോഗിക വിഭാഗവുമായി തെറ്റിപ്പിരിഞ്ഞ സുഭാഷ് വാസു വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്.സുഭാഷ് വാസുവും കൂട്ടരും ബി.ഡി.ജെ.എസിൽ വിമതരായി രംഗത്തെത്തിയപ്പോഴും ബി.ജെ.പി സംസ്ഥാന നേതൃത്വവും ആർ.എസ്.എസും തുഷാർ വെള്ളാപ്പള്ളിക്കൊപ്പമായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പിന്തുണയും നിർണായകമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചയിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ ആവർത്തിച്ചു. മുൻപ് വാഗ്‌ദാനം ചെയ്‌തതു പ്രകാരം ബോർഡുകളിലും കോർപറേഷനുകളിലും ബി.ഡി.ജെ.എസിന് കൂടുതൽ പദവികൾ നൽകുമെന്ന് ഉറപ്പു ലഭിച്ചതായും അറിയുന്നു.

എൻ.ഡി.എ കൂടുതൽ ശക്തിയോടെ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുമെന്നും വരുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുന്നണി ശക്തമായ മുന്നേറ്റം നടത്തുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കമ്മിഷൻ ഉത്തരവ് സ്വാഗതം ചെയ്യുന്നു: തുഷാർ

ബി.ഡി.ജെ.എസിനെ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിനു കാരണമായത് കേന്ദ്ര സർക്കാരിന്റെ സത്വര നടപടികളാണ്. കേരള വികസനത്തിന് മോദി സർക്കാരിന്റെ കരുതൽ കണ്ടില്ലെന്നു നടിക്കാനോ മൂടിവയ്ക്കാനോ സാധിക്കില്ല.14 സംസ്ഥാനങ്ങൾക്ക് 6,195 കോടിയുടെ സഹായം നൽകിയപ്പോൾ കേരളത്തിനു മാത്രമായി 1277 കോടിയാണ് നൽകിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എ വലിയ മുന്നേറ്റം കാഴ്ചവയ്ക്കും. ഇടതു- വലതു മുന്നണികളുടെ അഴിമതി നിറഞ്ഞ ഒത്തുതീർപ്പ് രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞു. ഇരു മുന്നണികളെയും തള്ളിക്കളഞ്ഞ് കേരളവും ദേശീയതയോടൊപ്പം ചേരും.