ന്യൂഡൽഹി:പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുട്ടികളുണ്ടാകുമെന്ന അന്ധവിശ്വാസത്തിൽ ഉത്തർപ്രദേശിലെ കാൺപൂരിൽ ഏഴു വയസുകാരിയെ മാനഭംഗം ചെയ്ത് കൊന്നശേഷം കരൾ പുറത്തെടുത്തു. ദീപാവലി ദിവസം രാത്രി ഉൾനാടൻ ഗ്രാമമായ ഘട്ടംപൂരിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. കേസിൽ സമീപവാസികളായ പരശുറാം,പരശുറാമിന്റെ ഭാര്യ,ബന്ധുവായ അങ്കുൽ,ബീരാൻ എന്നിവരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് വീടിനു സമീപം കളിച്ചുകൊണ്ടു നിൽക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്. ഞായറാഴ്ച രാവിലെ
സമീപത്തെ പാടത്ത് കരളും മറ്റ് ആന്തരിക അവയവങ്ങളും നീക്കംചെയ്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് പറയുന്നത്: വർഷങ്ങളായി കുട്ടികൾ ഉണ്ടാകാതിരുന്ന പരശുറാമിനോട് പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചശേഷം മന്ത്രവാദം നടത്തിയാൽ കുട്ടികൾ ജനിക്കുമെന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. കരൾ എടുക്കുന്നതിനായി ബന്ധുവായ അങ്കുലിനെയും സുഹൃത്ത് ബീരാനെയും ഏർപ്പാടാക്കി. ഇവർക്ക് 1500 രൂപയും പരശുറാം നൽകി. ദീപാവലി ദിവസം ഗ്രാമവാസികളെല്ലാം വീടുകളിൽ പൂജ ചെയ്യുന്നതിനിടെയാണ് പെൺകുട്ടിയെ അങ്കുലും ബീരാനും ചേർന്ന് തട്ടിക്കൊണ്ടുപോയത്. ഇരുവരും നന്നായി മദ്യപിച്ച ശേഷം കാട്ടിൽ കൊണ്ടുപോയി പെൺകുട്ടിയെ മാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. തുടർന്ന് വയറുകീറി കരളും മറ്റ് ആന്തരികാവയവങ്ങളും പുറത്തെടുത്തു. കരൾ ഇവർ ദമ്പതികൾക്ക് കൈമാറി. കാട്ടുമൃഗങ്ങൾ കൊന്ന് തിന്നെന്ന് വരുത്തിത്തീർക്കാനാണ് മറ്റ് അവയവങ്ങൾ പുറത്തെടുത്തത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മാനഭംഗം നടന്നതായി തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. തുടർന്ന് അങ്കുലിനെയും ബീരാനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
വിവരം അറിയാമായിരുന്നിട്ടും മറച്ചുവച്ചതിനാണ് പരശുറാമിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് യു.പി സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.