ന്യൂഡൽഹി: ബീഹാറിൽ ആഭ്യന്തരവകുപ്പ് വീണ്ടും കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ വകുപ്പ് വിഭജനം. ധനകാര്യം, വാണിജ്യനികുതി, വനം, ഐ.ടി, ദുരന്തനിവാരണം, നഗരവികസനം ഉൾപ്പെടെയുള്ള പ്രധാനവകുപ്പുകളെല്ലാം ബി.ജെ.പി നിയമസഭാകക്ഷി നേതാവും ഉപമുഖ്യമന്ത്രിയുമായ തർകിഷോർ പ്രസാദിന് നൽകി. ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായ ബി.ജെ.പിയുടെ രേണുദേവിക്ക് വനിതാ വികസനവും പഞ്ചായത്ത് രാജ്, അതീവപിന്നാക്ക വിഭങ്ങളുടെ വികസനം തുടങ്ങിയവയാണ് നൽകിയത്.
നിതീഷിന് ആഭ്യന്തരം കൂടാതെ പൊതു ഭരണം, വിജിലൻസ്, മന്ത്രിമാർക്ക് നൽകാത്ത മറ്റുവകുപ്പകൾ എന്നിവയാണുള്ളത്. തർകിഷോർ പ്രസാദിന് ലഭിച്ച വകുപ്പുകളിൽ ഏറിയ പങ്കും മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി വഹിച്ചവയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാൽ ആഭ്യന്തരവകുപ്പ് കൂടി ബി.ജെ.പിക്ക് ചോദിച്ചുവാങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വിട്ടുകൊടുക്കാൻ നിതീഷ് തയാറായില്ല.
മുൻ സ്പീക്കറായ ജെ.ഡി.യു നേതാവ് വിജയ് ചൗധരിക്ക് ഗ്രാമവികസനം, ജലവിഭവവം, പി.ആർ.ഡി, പാർലമെന്ററി കാര്യം എന്നിവ. മേവാലാൽ ചൗധരിക്ക് വിദ്യാഭ്യാസവകുപ്പ്. ബി.ജെ.പി മന്ത്രിമാരായ ബിജേന്ദ്ര യാദവിന് ഊർജ്ജവും ഉപഭോക്തൃകാര്യവും ഷീല കുമാരിക്ക് ഗതാഗതവും മംഗൾ പാണ്ഡെയ്ക്ക് ആരോഗ്യവും റോഡും കലാസാംസ്‌കാരികവും അമരേന്ദ്ര പ്രതാപ് സിംഗിന് കൃഷിയും ജീവേഷ് മിശ്രയ്ക്ക് ടൂറിസം, രാംസൂറത്ത് റായ്ക്ക് റവന്യൂവകുപ്പും ലഭിച്ചു. സഖ്യകക്ഷികളായ എച്ച്.എ.എമ്മിന്റെ സന്തോഷ്‌കുമാർ സുമന് ചെറുകിട ജലസേചനവും എസ്.സി .- എസ്.ടി വികസനവും വി.ഐ.പിയുടെ മുകേഷ് സാഹ്നിക്ക് മൃഗസംരക്ഷണവും മത്സ്യബന്ധനവും നൽകി.