ന്യൂഡൽഹി: ഭീകരപ്രവർത്തനം ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അതിന് പിന്തുണ നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയിൽ പറഞ്ഞു. ഐക്യരാഷ്‌ട്രസഭ കാലോചിതമായ പരിഷ്‌കരണത്തിന് വിധേയമാകേണ്ടതുണ്ടെന്നും സ്ഥിരാംഗത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴി നടന്ന സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പങ്കെടുത്തു.
ഭീകര പ്രവർത്തനമാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി. അതിന് കൂട്ടുനിൽക്കുകയും സഹായം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. റഷ്യയുടെ അദ്ധ്യക്ഷതയിൽ ബ്രിക്‌സ് ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള രൂപരേഖ തയ്യാറാക്കിയത് സന്തോഷമുള്ള കാര്യമാണ്. ഇന്ത്യയുടെ ഊഴം വരുമ്പോൾ നടപടികൾ കൂടുതൽ മുന്നോട്ടു കൊണ്ടുപോകും.
ഐക്യരാഷ്‌ട്രസഭയുമായി ഇന്ത്യയ്‌ക്ക് അടുത്ത ബന്ധമാണുള്ളത്. യു.എൻ സമാധാന സേനയുടെ ഭാഗമായ നിരവധി ഇന്ത്യക്കാർ ജീവൻ ത്യജിച്ചിട്ടുണ്ട്. എന്നാൽ 75 വർഷം പഴക്കമുള്ള ഐക്യരാഷ്‌ട്ര സഭയെക്കുറിച്ച് നിരവധി ചോദ്യങ്ങളുയരുന്നു. സമയത്തിന് ആനുപാതികമായ മാറ്റങ്ങൾ അതിലുണ്ടായിട്ടില്ല. ഐക്യരാഷ്‌ട്രയിലെ സ്ഥിരം പ്രതിനിധിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തുടർന്നും ബ്രിക്‌സിന്റെ പിന്തുണ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഐക്യരാഷ്‌ട്രസഭയുടെ അനുബന്ധ ഏജൻസികളിലും മാറ്റം വരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് കഴിഞ്ഞുള്ള സമയത്ത് സാമ്പത്തിക മേഖലയെ കൈപിടിച്ചുയർത്താൻ ബ്രിക്‌സ് ബാങ്ക് അടക്കമുള്ള സംവിധാനങ്ങൾക്ക് വലിയ പങ്കു നിർവഹിക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആത്മനിർഭർ ഭാരത് അഭിയാനിലൂടെ വ്യാപകമായ പരിഷ്‌കാര നടപടിക്ക് തുടക്കമിട്ടു കഴിഞ്ഞു. സ്വയംപര്യാപ്‌തയിൽ ഊന്നിയ നടപടികളിലൂടെ കൊവിഡിന് ശേഷം ഇന്ത്യയ്‌ക്ക് ആഗോളതലത്തിൽ കാര്യമായ സംഭാവനകൾ നൽകാൻ കഴിയുന്ന വിധത്തിലാണത്. കൊവിഡ് കാലത്ത് ഇന്ത്യൻ ഫാർമാ കമ്പനികളിലൂടെ ലോകരാജ്യങ്ങൾക്ക് മരുന്നെത്തിച്ച് അതു തെളിയിച്ചതാണ്. ഇന്ത്യയിലെ വാക്‌സിൻ നിർമ്മാണവും അതിന്റെ വിതരണവും ലോക മാനവികതയ്‌ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.