ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ടെത്തിയ രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരെ പ്രത്യേക പൊലീസ് സംഘം പിടികൂടി. ജമ്മുകാശ്‌മീർ ബാരാമുള്ള ജില്ലയിലെ ദൊരു സ്വദേശി അബ്‌ദുൾ ലത്തീഫ് മിർ (22), കുപ്‌വാര ജില്ലയിലെ ഹത്‌മുള്ള സ്വദേശി മുഹമ്മദ് അഷ്‌റഫ് ഖട്ടാന (20) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ഭീകരർ ഡൽഹിയിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് പ്രത്യേക സെൽ ഒാപ്പറേഷനിലാണ് കഴിഞ്ഞ ദിവസം രാത്രി പത്തിന് ദക്ഷിണ ഡൽഹിയിലെ മില്ലെനിയം പാർക്കിൽ വച്ച് ഇരുവരെയും പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മിഷണർ സഞ്ജീവ് കുമാർ യാദവ് പറഞ്ഞു. ഇവരിൽ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 തിരകളും കണ്ടെടുത്തു.