fake-news

ന്യൂഡൽഹി: വിവിധ പത്ര ദൃശ്യ ശ്രവ്യ ഓൺലൈൻ മാദ്ധ്യമങ്ങളിലെ വ്യാജ വാർത്തകൾ തടയുന്നതിന് കർമപദ്ധതി തയാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദേശം. ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്കെതിരെയുള്ള പരാതികൾ പരിഗണിക്കാൻ നിലവിൽ സംവിധാനമില്ലെങ്കിൽ പുതിയത് രൂപീകരിക്കണം.

കർമപദ്ധതി സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണം. ടി.വിയിൽ കാണിക്കുന്ന കാര്യങ്ങൾ രാജ്യത്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചു. നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനവും, കൊവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങൾ വർഗീയവത്ക്കരണത്തിന് ശ്രമിച്ചുവെന്ന ഹർജികൾ പരിഗണിക്കവേയാണ് പരാമർശം. ഹർജിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും ഉത്തരവിട്ടു.