covid

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം.

ബീഹാർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളുടെയും ദീപാവലി, ദുർഗാപൂജ തുടങ്ങിയ മറ്റ് ആഘോഷങ്ങളുടെയും ആഘാതം വരും ആഴ്ചകളിൽ വ്യക്തമാകുമെന്ന് കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. പുതിയ കേസുകൾ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദുർഗാപൂജയ്ക്ക് ശേഷം പശ്ചിമബംഗാളിലും ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിലും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നിരുന്നു. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പും, മറ്റ് 11 സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പും കഴി‌ഞ്ഞദിവസങ്ങളിലാണ് നടന്നത്. ആളുകൾ വലിയ തോതിൽ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആഘോഷദിവസങ്ങളിൽ മാർക്കറ്റുകളിലും വലിയ തിരക്കുണ്ടായിരുന്നു. വീണ്ടുമൊരു കൊവിഡ് കുതിപ്പിലേക്ക് ഇത് വഴിവച്ചേക്കാമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

അതേസമയം ഡൽഹിയിലെ കൊവിഡ് കുതിപ്പ് നിയന്ത്രിക്കാൻ അടിയന്തര നടപടികളെടുത്തതായും കേന്ദ്രം അറിയിച്ചു.
ഐ.സി.യു ബെഡുകൾ 3500ൽ നിന്ന് 6000ത്തിലേക്ക് ഉയർത്തും. പരിശോധനകൾ ഒരുലക്ഷത്തിലേറെയായി ഉയർത്തും. സമ്പർക്കത്തിൽ വരുന്നവരെ ഫലപ്രദമായി ക്വാറന്റൈൻ ചെയ്യാനുമുള്ള നടപടികളെടുക്കും. ഡൽഹിയിലെ

കണ്ടെയൻമെന്റ് സോണുകളിൽ വീട് കയറിയുള്ള സർവേയ്ക്കായി 8000 പേരെ നിയോഗിക്കും.

 വിവാഹങ്ങൾക്ക് 50 പേർ മതി
കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഡൽഹി സർക്കാർ കേന്ദ്രാനുമതി തേടി. വിവാഹങ്ങൾക്ക് 200 പേരെ വരെ അനുവദിച്ചുള്ള ഉത്തരവ് റദ്ദാക്കാനും കൊവിഡ് ഹോട്‌സ്‌പോട്ടായി മാറിയ മാർക്കറ്റുകൾ അടയ്ക്കാനുമാണ് ലെഫ്.ഗവർണറുടെ അനുമതി തേടിയത്. വിവാഹങ്ങൾക്ക് 50 പേരെയാക്കി ചുരുക്കണമെന്നാണ് ആവശ്യം.