ന്യൂഡൽഹി: സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഡൽഹി എയിംസ് അധികൃതർ നിഷേധിച്ച ഒ.ബി.സി ക്വാട്ടയിലെ മെഡിക്കൽ സീറ്റ് മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ എം.പിയുമായ അൽഫോൺസ് കണ്ണന്താനം ഇടപെട്ട് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഫർഹീൻ. ഫോർട്ട് കൊച്ചി വെളി കിഴക്കേവീട്ടിൽ പരേതനായ കെ.കെ. സഹീറിന്റെയും ഷംലയുടെയും മകളാണ് ഫർഹീൻ. കേന്ദ്ര ആരോഗ്യമന്ത്രിയെ ഇടപെടുത്തി പ്രവേശനം ഉറപ്പാക്കിയ അൽഫോൺസ് കണ്ണന്താനം ഫർഹീനും സഹോദരനും ഇന്ന് ഡൽഹിയിലെത്താൻ വിമാനടിക്കറ്റും ബുക്കു ചെയ്‌തു നൽകി.
എയിംസ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ 66-ാം റാങ്കു ലഭിച്ച ഫർഹീന് ഒ.ബി.സി ക്വാട്ടയിൽ 10-ാം നമ്പരുകാരിയായി പ്രവേശനം ഉറപ്പായിരുന്നു. നവംബർ 10ന് ലഭിച്ച ഒ.ബി.സി സർട്ടിഫിക്കറ്റുമായാണ് 11ന് കൗൺസലിംഗിനെത്തിയത്. എന്നാൽ തലേന്ന് ലഭിച്ച സർട്ടിഫിക്കറ്റ് സ്വീകരിക്കാനാവില്ലെന്ന് അധികൃതർ നിലപാടെടുത്തു. പ്രോസ്‌പെക്ടസ് പ്രകാരം ഒരു വർഷത്തിനകം ലഭിച്ച കാലാവധി കഴിയാത്ത ഒ.ബി.സി സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. കൂടുതൽ വിശദീകരണങ്ങൾക്ക് ചെവികൊടുക്കാതെ അധികൃതർ രണ്ടാം അലോക്കേഷന് പരിഗണിക്കണം എന്നൊരു അപേക്ഷ എഴുതി വാങ്ങി ഫർഹീനെ പറഞ്ഞയച്ചു. പിന്നാലെ പ്രവേശനം റദ്ദായെന്ന സന്ദേശവും വന്നു.
പന്തികേടു തോന്നിയ ഫർഹീൻ അൽഫോൺസ് കണ്ണന്താനത്തെ വിവരമറിയിച്ചു. അദ്ദേഹം ഉടൻ ആരോഗ്യമന്ത്രി ഹർഷവർദ്ധന് വിവരങ്ങൾ വിശദീകരിച്ച് കത്തെഴുതി. തുടർന്ന് മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അന്വേഷിച്ച ശേഷം ഫർഹീന് പ്രവേശനം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം കണ്ണന്താനം തന്നെയാണ് ഫർഹീനെ അറിയിച്ചത്. ഇന്ന് തന്റെ വീട്ടിലെത്തുന്ന ഫർഹീനൊപ്പം എയിംസിൽ പോകുമെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. പിതാവ് മരിച്ചതിനെ തുടർന്നുള്ള കഷ്‌ടതകൾക്കിടയിലും കഠിനാദ്ധ്വാനം ചെയ്‌ത് പ്രവേശന പരീക്ഷയിൽ നല്ല മാർക്കു വാങ്ങിയ കുട്ടിക്ക് അവസരം ലഭിക്കാതെ പോകരുതെന്ന് നിർബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷയിൽ എട്ടാം റാങ്കുകാരിയാണ് ഫർഹീൻ.