ന്യൂഡൽഹി: കേരളത്തിൽ മുനിസിഫ് - മജിസ്ട്രേട്ട് നിയമനത്തിന് ഫെബ്രുവരി 20 ന് പ്രസിദ്ധീകരിച്ച മെരിറ്റ് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്താൻ നിർദേശിച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെട്ട സുപ്രീംകോടതി മൂന്നംഗ ബെഞ്ച്.
മെരിറ്റ് ലിസ്റ്റിൽ നിന്ന് 32 പേർക്ക് നിയമനം നൽകി. ഇവരുടെ പരിശീലനം തുടങ്ങിയിരുന്നു. എന്നാൽ പ്രൊമോഷനെത്തുടർന്ന് കൂടുതൽ ഒഴിവുകളുണ്ടെന്നും ചട്ടപ്രകാരം ഇതേ ലിസ്റ്റിൽ നിന്ന് ഒഴിവുകൾ നികത്തണമെന്നുമാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളായ കോട്ടയം സ്വദേശിനി ശ്വേത ശശികുമാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് കേരള ഹൈക്കോടതി ശരിവച്ചത്.