nadha

 കേരളത്തിൽ മൂന്നു ദിവസം

ന്യൂഡൽഹി: സംഘടന ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന പര്യടനത്തിനൊരുങ്ങി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബീഹാറിലെ ബി.ജെ.പിയുടെ വൻ വിജയത്തിന് പിന്നാലെയാണ് അമിത് ഷായുടെ മാതൃകയിൽ രാജ്യവ്യാപക പര്യടനത്തിനായി നദ്ദ ഒരുങ്ങുന്നത്. ഡിസംബർ ആദ്യവാരം തുടങ്ങുന്ന സന്ദർശനത്തിൽ കേരളത്തിൽ മൂന്നു ദിവസമുണ്ടാകും. പഞ്ചാബ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, അസാം, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും മൂന്നുദിവസം വീതമുണ്ടാകും. ഹരിയാന, ഹിമാചൽ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ രണ്ടു ദിവസം വീതവും വടക്ക് കഴിക്കൻ സംസ്ഥാനങ്ങളിൽ ഓരോ ദിവസവും തങ്ങും.

തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളം, ബംഗാൾ, തമിഴ്നാട്, പ‌ഞ്ചാബ് സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്ന തരത്തിലാണ് യാത്രാ പദ്ധതി തയാറാക്കിയിരിക്കുന്നത്. ബി.ജെ.പി ബൂത്ത് തല നേതാക്കളെയടക്കം കാണും. താഴെത്തട്ടിൽ നിന്നുള്ള വിവരങ്ങൾ നേരിട്ടറിഞ്ഞ് സംഘടന ശക്തിപ്പെടുത്താനുള്ള പദ്ധതി തയാറാക്കും. അടുത്ത വർഷമാണ് പശ്ചിമബംഗാൾ,തമിഴ്‌നാട്, കേരളം, അസാം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്. 2022ലാണ് പ‌ഞ്ചാബിൽ തിരഞ്ഞെടുപ്പ്. അസാമിൽ മാത്രമാണ് ബി.ജെ.പി ഭരണമുള്ളത്. ബീഹാറിന് പിന്നാലെ അടുത്ത ലക്ഷ്യം ബംഗാൾ ആണെന്ന് പല ബി.ജെ.പി നേതാക്കളും പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ജനുവരിയിൽ പാർട്ടി അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ രാജ്യവ്യാപക സന്ദർശനമാണിത്. ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പും പിന്നീട് കൊവിഡ് സാഹചര്യവും കാരണമാണ് വൈകിയത്.