ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെയും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിലെയും കനത്ത തിരിച്ചടിയിൽ സംസ്ഥാന ഘടകങ്ങളോട് കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടും. ഇന്നലെ ചേർന്ന ഉപദേശക സമിതി യോഗം തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് അതത് പാർട്ടിഘടകങ്ങളിൽ നിന്ന് റിപ്പോർട്ട് തേടാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിക്ക് ശുപാർശ നൽകിയതായാണ് റിപ്പോർട്ട്. രാഹുൽഗാന്ധി, കെ.സി വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാലയുമാണ് സമിതി അംഗങ്ങൾ. കപിൽസിബൽ, താരിഖ് അൻവർ തുടങ്ങിയ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് യോഗം നടന്നത്.