ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനിടെ ചൈനീസ് പട്ടാളം ഇന്ത്യൻ സൈനികർക്ക് മേൽ മൈക്രോവേവ് ആയുധം പ്രയോഗിച്ചതായുള്ള വിവരം പുറത്തുവന്നു. ബീജിംഗിലെ റെൻമിൻ സർവകലാശാലയിലെ ഒരു പ്രൊഫസറെ ഉദ്ധരിച്ച് യു.കെയിലെ ടൈംസ് ദിനപത്രമാണ് വിവരം പുറത്തുവിട്ടത്.
ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങൾ ശരീരത്തിൽ പതിപ്പിച്ച് മൈക്രോവേവ് ഒാവനുള്ളിലേതിന് സമാനമായ ചൂടുള്ള അവസ്ഥയുണ്ടാക്കി ശത്രുവിനെ തുരത്തുന്ന രീതി ആദ്യമായാണ് ഒരു രാജ്യം യുദ്ധമേഖലയിൽ പ്രയോഗിക്കുന്നത്.
അരമൈൽ ദൂരത്തു നിന്ന് പ്രത്യേക ഉപകരണത്തിൽ നിന്ന് തൊടുക്കുന്ന മൈക്രോവേവ് ഇലക്ട്രോമാഗ്നറ്റിക് തരംഗം ശരീരത്ത് പതിച്ചാൽ ആ ഭാഗം ചൂടാകുകയും അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും. തരംഗങ്ങളേൽക്കുന്നവർ ഛർദ്ദിക്കുകയും ചെയ്യും. സംഭവിക്കുന്നത് എന്താണെന്നറിയാതെ സൈനികർ തളർന്ന് വീഴും. മലനിരകളിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ ജവാൻമാരെ നേരിട്ട് ആക്രമിക്കുക എളുപ്പമല്ലെന്ന് മനസിലാക്കുകയും അതിർത്തിയിൽ വെടിയുതിർക്കാൻ അനുവാദമില്ലാത്തതും കണക്കിലെടുത്താണ്
ചൈന പുതിയ ആയുധം പരീക്ഷിച്ചത്.
ഏപ്രിലിൽ ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ അടക്കം മരിച്ച ഏറ്റുമുട്ടലിന് ശേഷമാണ് മൈക്രോവേവ് ആയുധങ്ങൾ വിന്യസിച്ചതെന്ന വിവരവും പുറത്തുവന്നു. ലോകത്ത് യു.എസ് സൈന്യത്തിന്റെ കൈവശം മൈക്രോവേവ് ആയുധങ്ങളുണ്ടെങ്കിലും അവർ ആർക്കെതിരെയും ഉപയോഗിച്ചതായി റിപ്പോർട്ടില്ല.