ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകൾ വീണ്ടും കുതിക്കുന്ന പശ്ചാത്തലത്തിൽ ഇടപെടലുമായി കേന്ദ്രം. അർദ്ധസൈനിക വിഭാഗങ്ങളിലെ 45 ഡോക്ടർമാരെയും 160 പാരാമെഡിക്കൽ ജീവനക്കാരെയും കൊവിഡ് ഡ്യൂട്ടിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ചു. ഡൽഹി വിമാനത്താവളത്തിന് സമീപത്തെ ഡി.ആർ.ഡി.ഒ കൊവിഡ് ആശുപത്രിയിലും ഛത്തർപുർ കെയർ സെന്ററിലും ഇവർ സേവനമനുഷ്ഠിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരും ജീവനക്കാരുമെത്തും. ഞായറാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗമെടുത്ത തീരുമാനങ്ങളുടെ ഭാഗമായാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടൽ.
ഐസൊലേഷനും മറ്റുമായി റെയിൽവേ 800 കിടക്കകളുള്ള കൊവിഡ് കെയർ കോച്ച് ശാകുർ ബസ്‌തി സ്റ്റേഷനിലൊരുക്കും. കൊവിഡ് ആശുപത്രിയിൽ ഡി.ആർ.ഡി.ഒ 250 ഐ.സി.യു കിടക്കകൾ കൂടി അധികമായൊരുക്കും. നിലവിൽ 250 ഐസി.യു കിടക്കകളുണ്ട്. സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ 10 അംഗ വിദഗ്‌ദ്ധ സംഘത്തെയും ആഭ്യന്തരമന്ത്രാലയം നിയോഗിച്ചു. നവംബർ അവസാനത്തോടെ ആർ.ടി.പി.സി.ആർ പരിശോധനാ ശേഷി 60,000 ആക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വീടുവീടാന്തരമുള്ള സർവേയും നടത്തുന്നുണ്ട്. ഈ ആഴ്ച അവസാനത്തോടെ 250 വെന്റിലേറ്ററുകൾ കൂടി ഡൽഹിയിലെത്തും.
ഒക്ടോബർ പകുതി മുതലാണ് വീണ്ടും ഡൽഹിയിൽ കൊവിഡ് കുതിപ്പുണ്ടായത്. നവംബർ 11ന് പ്രതിദിന രോഗികളുടെ എണ്ണം 8000 കടന്നിരുന്നു. ഡൽഹിയിലെ ആകെ കൊവിഡ് രോഗികൾ അഞ്ചുലക്ഷത്തോടടുത്തു. മരണം എട്ടായിരത്തിനടുത്താണ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് രോഗികളും മരണവും ഡൽഹിയിലാണ്.