ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ, പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന മേഖലകളിലുള്ള സഹകരണം തുടരാനുള്ള സന്നദ്ധതയും മുൻഗണനാ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്‌തു. നിയുക്ത വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാഹാരിസിനുള്ള അഭിനന്ദനവും മോദി ബൈഡനെ അറിയിച്ചു.
കമലാഹാരിസിന്റെ ജയം ഇന്തോ-യു.എസ് സമൂഹത്തിന് അഭിമാനവും പ്രചോദനവും നൽകുന്നതാണെന്ന് മോദി ട്വീറ്റ് ചെയ്തു. മോദിയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ ബൈഡൻ കൊവിഡ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവ് അടക്കമുള്ള വെല്ലുവിളികൾ നേരിടാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. 2014ൽ മോദിയുടെ ആദ്യ യു.എസ് സന്ദർശന സമയത്ത് വൈസ് പ്രസിഡന്റായിരുന്ന ബൈഡനാണ് ഔദ്യോഗിക വിരുന്നൊരുക്കിയത്. 2016ൽ പ്രധാനമന്ത്രി യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌തപ്പോൾ അദ്ധ്യക്ഷത വഹിച്ചതും ബൈഡനായിരുന്നുവെന്ന് യു.എസിലെ ഇന്ത്യൻ അംബാസിഡർ തരംജിത് സിംഗ് സന്ധു പറഞ്ഞു.