ന്യൂഡൽഹി: കന്നുകാലികളുടെ സംരക്ഷണത്തിനായി മദ്ധ്യപ്രദേശിൽ 'ഗോ കാബിനറ്റ്' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഈ ആഴ്ചയുടെ അവസാനം ആദ്യ ഗോ കാബിനറ്റ് യോഗം ചേരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സംസ്ഥാനത്തെ കന്നുകാലികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്താനാണ് ഗോ കാബിനറ്റ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ആഭ്യന്തരം, കൃഷി എന്നി വകുപ്പുകൾ ഉൾപ്പെടുന്നതാണ് ഗോ കാബിനറ്റ്. 22ന് ഉച്ചയ്ക്ക് 12 ന് അഗർ മാൾവയിലെ ഗോ സംരക്ഷണ കേന്ദ്രത്തിലെ ഗോപഷ്ടമിയിൽ ആദ്യ യോഗം ചേരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
2017ലാണ് 32 കോടി രൂപ ചെലവഴിച്ച് പശുക്കൾക്കായുള്ള സംരക്ഷണ കേന്ദ്രം മദ്ധ്യപ്രദേശിൽ ആരംഭിച്ചത്. ഭോപ്പാലിൽ നിന്ന് 190 കിലോമീറ്റർ അകലെയാണിത്. 472 ഹെക്ടറാണ് വിസ്തൃതി.
പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
മദ്ധ്യപ്രദേശിൽ പശുക്കൾക്ക് വേണ്ടി പ്രത്യേക 'കൗ കാബിനറ്റ്' രൂപീകരിക്കാനുള്ള മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ തീരുമാനത്തെ കളിയാക്കി മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ഇനി 'കൗ കാബിനറ്റിൽ" നിന്നുള്ള ചാണക ജ്ഞാനത്തിനായി കാത്തിരിക്കാമെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.