sibel-and-adhir

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ മോശം പ്രകടനത്തിന് നേതൃത്വത്തെ കുറ്റപ്പെടുത്തിയ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലിന് മറുപടിയുമായി ലോക്‌സഭാ നേതാവും എം.പിയുമായ ആദിർ രഞ്ജൻ ചൗധരി രംഗത്ത്. വിമർശനം ഉന്നയിക്കുന്ന കപിൽ സിബലിനെ ബീഹാറിലോ, ഉപതിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലോ പ്രചാരണത്തിന് കണ്ടില്ലെന്നും പാർട്ടിയിൽ തുടരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ രാജിവയ്‌ക്കാമെന്നും ആദിർ പ്രതികരിച്ചു.

'കോൺഗ്രസ് പാർട്ടിയെക്കുറിച്ച് വലിയ ആശങ്കകളാണ് അദ്ദേഹം പങ്കുവച്ചത്. ആത്മപരിശോധന വേണമെന്നും പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് നടന്ന ബീഹാർ, മദ്ധ്യപ്രദേശ്, യു.പി, ഗുജറാത്ത് സംസ്ഥാനങ്ങളിലൊന്നും അദ്ദേഹം പ്രചാരണത്തിന് പോയിട്ടില്ല. അവിടെ പോയിരുന്നെങ്കിൽ അദ്ദേഹം പറയുന്നത് ആത്മാർത്ഥതയോടെയാണെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് വിമർശനം നടത്തുന്നതെന്നും കരുതാമായിരുന്നു. അതൊന്നുമില്ലാതെ വെറുതെ വാചകമടി മാത്രം കൊണ്ട് ഒരു നേട്ടവുമില്ല. പ്രവൃത്തിയില്ലാതെ വാചകമടിക്കുന്നത് ആത്മപരിശോധനയാകില്ലെന്നും" ആദിർ രഞ്ജൻ ചൗധരി പറഞ്ഞു.

കോൺഗ്രസ് പറ്റിയ ഇടമല്ലെന്ന് തോന്നുവെങ്കിൽ കപിൽ സിബലിന് അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ഏതെങ്കിലും പാർട്ടിയിൽ ചേരുകയോ, പുതിയതായി ഒന്ന് രൂപീകരിക്കുകയോ ചെയ്യാം. മുതിർന്ന നേതാക്കൾ പാർട്ടിയുടെ വിശ്വാസ്യത കെടുത്തുന്ന രീതിയിൽ അപമാനകരമായ പരാമർശങ്ങൾ നടത്തരുത്. ഗാന്ധി കുടുംബവുമായി അടുപ്പമുള്ള കപിൽ സിബലിന് പോരായ്മകൾ നേരിട്ടോ, മറ്റ് പാർട്ടി വേദികളിലോ അറിയിക്കാമെന്നും ആദിർ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെട്ട 22 നേതാക്കളിൽ ഒരാളായ കപിൽ സിബൽ തിരഞ്ഞെടുപ്പ് പരാജയത്തെ വിശദമായി വിലയിരുത്തണമെന്നും പ്രവർത്തക സമിതിയിൽ അടക്കം ജനാധിപത്യം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിബൽ പാർട്ടി വേദിയിലാണ് വിമർശനം ഉന്നയിക്കേണ്ടിയിരുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ടും പറഞ്ഞിരുന്നു.